ജിദ്ദ - സ്വതന്ത്ര ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ അതിജയിക്കാൻ സങ്കുചിത ചിന്താഗതികൾ മാറ്റിവെച്ച് എല്ലാ മതേതര ശക്തികളും ഒന്നിക്കേണ്ടത് അനിവാര്യമാണെന്ന് പ്രശസ്ത കോളമിസ്റ്റും വാഗ്മിയുമായ ഡോ. ടി.ടി. ശ്രീകുമാർ അഭിപ്രായപ്പെട്ടു. തനിമ നോർത്ത് സോൺ സംഘടിപ്പിച്ച 'സമകാലീന ഇന്ത്യ വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക നീതിക്കൊപ്പം സാമൂഹിക നീതികൂടി മുന്നിൽ കണ്ടാണ് രാഷ്ട്ര നിർമാതാക്കൾ ഇന്ത്യയെ കെട്ടിപ്പെടുത്തതെന്നും ലോകം ഒരു ഭാഗത്ത് മുതലാളിത്തത്തിന്റെയും സോഷ്യലിസത്തിന്റെയും സിദ്ധാന്തങ്ങളുമായി മുന്നോട്ട് നീങ്ങുമ്പോൾ ജനാധിപത്യത്തിന്റെ വാഹകരായി ഇന്ത്യ മുന്നോട്ട് നീങ്ങിയത് ഒരു പൗരനെന്ന നിലയിൽ നമുക്ക് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1980 കളിലായി സാമൂഹികനീതിയെന്ന ആശയത്തിന് വിള്ളലുണ്ടാക്കുന്ന നയനിലപാടുകളുമായ് മണ്ഡൽ കമ്മീഷനെ എതിർക്കുന്നതിലൂടെ ഒരു വിഭാഗം രംഗപ്രവേശനം ചെയ്തത് ജനാധിപത്യ ഇന്ത്യ നേരിടേണ്ടി വന്ന കനത്ത വെല്ലുവിളിയാണ്. തുടർന്ന് 2014 ഓടുകൂടി ഭരണരംഗത്ത് വന്ന ഭരണകക്ഷി സാമ്പത്തിക നീതിയെ പാടെ അവഗണിച്ചത് നാം നേരിടുന്ന മറ്റൊരു മഹാ വെല്ലുവിളിയാണെന്നതിന് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും കൂപ്പുകുത്തിയ ഇന്നത്തെ ജി.ഡി.പി വലിയ തെളിവാണ്. ഇത്തരം വെല്ലുവിളികളെ നേരിടാൻ സങ്കുചിത ചിന്താഗതികൾ തീർത്തും മാറ്റിവെച്ച് ആശയപരമായ നിലപാടുകളിൽ പുതിയൊരു ഐക്യപ്പെടൽ മതേതരശക്തികൾ ഉണ്ടാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസം, ചിത്ര രചന മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. നഈമ ഫസൽ ഖുർആനിൽനിന്നും അവതരിപ്പിച്ചു. സോണൽ കോർഡിനേറ്റർ മുഹമ്മദ് അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഉമറുൽ ഫാറൂഖ് സ്വാഗതവും വനിതാ കോർഡിനേറ്റർ ഫിദ അജ്മൽ നന്ദിയും പറഞ്ഞു.