Sorry, you need to enable JavaScript to visit this website.

രാജ്യസഭാ ഉപാധ്യക്ഷ പദവിയിലേക്ക് സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ പ്രതിപക്ഷ നീക്കം

ന്യൂദല്‍ഹി- രാജ്യസഭാ ഉപാധ്യക്ഷ പദവിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നീക്കം നടത്തുന്നതായി റിപോര്‍ട്ട്. ചൊവ്വാഴ്ച ചേര്‍ന്ന കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് നയതന്ത്ര സമതി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ബിജെപി സഖ്യ കക്ഷിയായ ജനതാദള്‍ യുനൈറ്റഡ് നേതാവ് ഹരിവംശിന്റെ കാലാവധി ഏപ്രിലില്‍ അവസാനിച്ചതിനു ശേഷം രാജ്യസഭാ ഉപാധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുകയാണ്. രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയായ ഉടന്‍ തന്നെ ഹരിവംശ് ബിഹാറില്‍ നിന്നു വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വീണ്ടും ഹരിവംശ് ഈ പദവിയിലേക്കുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതപ്പെടുന്നത്.

2018 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് നേതാവ് പി ജെ കൂര്യന്‍ കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഹരിവംശ് ഉപാധ്യക്ഷനായത്. കോണ്‍ഗ്രസിന്റെ ബി കെ ഹരിപ്രസാദിനെ തോല്‍പ്പിച്ചായിരുന്നു ഇത്. പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനം തുടങ്ങുന്ന സെപ്തംബര്‍ 14നാണ് രാജ്യസഭാ ഉപാധ്യക്ഷനു വേണ്ടിയുള്ള തെരഞ്ഞെടുപ്പും നടക്കുക. നോമിനേഷന്‍ നല്‍കാനുള്ള അവസാന തീയത് സെപ്തംബര്‍ 11 ആണ്.  


 

Latest News