പാര്‍ലമെന്റിലെ തന്ത്രം മെനയാന്‍ കോണ്‍ഗ്രസ് ഉന്നത തല യോഗം

ന്യൂദല്‍ഹി- ഈ മാസം 14ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനത്തിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന് കോണ്‍ഗ്രസ് ഉന്നത തല യോഗം ഇന്ന് നടക്കും. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങള്‍ പരസ്യമായ പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം നടക്കുന്ന ആദ്യ സുപ്രധാന നേതൃയോഗമാണിത്. അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന വെര്‍ച്വല്‍ യോഗത്തില്‍ മോഡി സര്‍ക്കാരിനെതിരെ സ്വീകരിക്കുന്ന നിലപാടുകളായിരിക്കും ചര്‍ച്ച ചെയ്യുന്നത്. മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദര മോഡി കൊണ്ടുവന്ന ഓര്‍ഡിനന്‍സുകളെ ശക്തമായി എതിര്‍ക്കുന്ന നിലപാടാകും കോണ്‍ഗ്രസ് സ്വീകരിക്കുക. പിഎം കെയേഴ്‌സ് ഫണ്ട് സ്ഥാപിച്ചതും ഇതിലുള്‍പ്പെടും. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് നിര്‍ത്തലാക്കിയ തീരുമാനവും ചോദ്യം ചെയ്യും.

പാര്‍ട്ടി നേതൃനിരയില്‍ അടിമുടി മാറ്റം വേണമെന്ന ഉന്നത പാര്‍ട്ടി നേതാക്കളുടെ ആവശ്യം രേഖപ്പെടുത്തിയ കത്ത് പുറത്തു വന്നതിനെ തുടര്‍ന്ന് സോണിയാ ഗാന്ധി പാര്‍ലമെന്റിലെ പ്രാധന ചുമതലകള്‍ തന്നോട് അടുപ്പമുള്ളവരെ ഏല്‍പ്പിച്ചിരുന്നു. വിമത സ്വരമുയര്‍ത്തിയ നേതാക്കളെ തന്ത്രപരമായി മാറ്റി നിര്‍ത്തിയിരിക്കുകയാണ് അവര്‍. അതേസമയം ഈ നേതാക്കള്‍ക്ക് ഏതു സമയത്തും താനുമായി ആശയവിനിമയം നടത്തുന്നതിന് തടസ്സമില്ലെന്നും സോണിയ നേരത്തെ വ്യക്തമാക്കിയിരുന്നു. പക്ഷെ പാര്‍ലമെന്ററി പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഈ നേതാക്കളെ പൂര്‍ണമായും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. വിവാദ കത്തില്‍ 23 നേതാക്കള്‍ ആവശ്യപ്പെട്ടതു പ്രകാരമുള്ള ഒരു മാറ്റവും സോണിയ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
 

Latest News