വാഷിംഗ്ടണ്‍- കോവിഡ് പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് സുതാര്യത വേണമെന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളുടെ പ്രസ്താവനക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പ് വാക്‌സിന്‍ പുറത്തിറക്കാനുള്ള ശ്രമമാണ് ട്രംപ് ഭരണകൂടം നടത്തുന്നത്. ഇക്കാര്യത്തില്‍ സുതാര്യത വേണമെന്നും സുരക്ഷിതമായിരിക്കണമെന്നുമാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളായ ജോ ബൈഡനും കമലാ ഹാരിസും ആവശ്യപ്പെട്ടത്.
കോവിഡിനെതിരെ പുറത്തിറക്കുന്ന വാക്‌സിന് ശസ്ത്രീയ അടിത്തറയും സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം ജനങ്ങള്‍ വാക്‌സിനെ അംഗീകരിക്കില്ലെന്നും ഇക്കാര്യങ്ങള്‍ പുറത്തുവിടുന്നില്ലെങ്കില്‍ ട്രംപിന്റെ വാദങ്ങളെ തള്ളിക്കളയുമെന്നും അവര്‍ പറഞ്ഞു.
വാക്‌സിന്‍ പുറത്തിറക്കുന്ന നേട്ടത്തെ ജനങ്ങള്‍ക്ക് മുന്നില്‍ താഴ്ത്തിക്കാണിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നതെന്നും അസത്യ പ്രസ്താവനകള്‍ തിരിച്ചറിയണമെന്നും ട്രംപ് പറഞ്ഞു.
പ്രതിരോധ വാക്‌സിന്‍ വിരുദ്ധ പ്രസ്താവന നടത്തിയ കമലാ ഹാരിസും ജോ ബൈഡനും മാപ്പ് പറയണം. രാജ്യത്തിനും ലോകത്തിനും ഗുണം ചെയ്യാത്ത പ്രസ്താവനയാണിത്. വാക്‌സിന്‍ പുറത്തിറക്കുന്ന നേട്ടം എനിക്ക് മാത്രമായി വേണ്ട. ജനങ്ങളെ സുഖപ്പെടുത്തുന്ന ഒന്നാണ് വേണ്ടത് -ട്രംപ് പറഞ്ഞു.
പുറത്തിറക്കാന്‍ രണ്ടോ മൂന്ന് വര്‍ഷം വേണ്ടിവരുമെന്ന് കരുതിയിരുന്ന വാക്‌സിന്‍ സാധ്യമെങ്കില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഒക്ടോബറില്‍ തന്നെ പുറത്തിറക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദമവുമായിരിക്കുമെന്നും ട്രംപ് ആവര്‍ത്തിച്ചു.






