Sorry, you need to enable JavaScript to visit this website.

പദ്ധതികളും മനോനിലയും

ഒരു രൂപക്ക് അരിയും അഞ്ചു രൂപക്ക് ഊണും കൊടുത്താണ് ജയലളിത തമിഴ്‌നാടിനെ തന്റെ ചെപ്പിനുള്ളിൽ ഒതുക്കിയത്. മേമ്പൊടിയായി സൗജന്യ കളർ ടി.വിയും! മക്കൾ ഇളകി മറിഞ്ഞു. വയലിലും ഇഷ്ടികക്കമ്പനിയിലും പോയി 'വേലെയെടുക്കാൻ' ആളെ കിട്ടാതായി എന്നത് അരമനരഹസ്യം അങ്ങാടിപ്പരസ്യം' ആയി. ആഹാരത്തിന് തമിഴകം മുഴുവനും 'അമ്മ കാന്റീൻ' തുടങ്ങി. പുറത്ത് അനുവാദം കിട്ടിയിരുന്നെങ്കിൽ ഇന്ത്യ മുഴുവനും തുറന്നേനേ. ശരിക്കും 'സ്വർഗം താണിറങ്ങി വന്നതോ' എന്ന ഗാനം തമിഴിൽ മൊഴിമാറ്റം ചെയ്തു പാടേണ്ട നില വന്നു. ആ തമിഴ് ദേശത്ത് ഇത്രയും കാലം ക്ലച്ച് പിടിക്കാതെ നടന്ന ബി.ജെ.പി ഒടുവിൽ അമ്മയെ അനുകരിക്കാൻ നീങ്ങുകയാണ്. സേലത്ത് നിന്ന് വെറും പത്തു രൂപക്ക് നാല് ഇഡ്ഡലിയും സാമ്പാറും നൽകുന്ന ഹോട്ടൽ തുടങ്ങുന്നു.

 

സംസ്ഥാനത്ത് തൽക്കാലം 22 ഇഡ്ഡലി ഷോപ്പുകൾ! വാട്ആപ് വഴി ആയാലും വേണ്ടില്ല, പ്രതികരണം അറിഞ്ഞിട്ടു വേണം, തമിഴകം മുഴുവനും ഇഡ്ഡലി കൊണ്ട് നിറയ്ക്കുവാൻ! പണ്ട് അമ്മ ശാപ്പാടും അമ്മ ടി.വിയുമായിരുന്നെങ്കിൽ ഇനി 'മോഡി ഇഡ്ഡലി ആന്റ് മോഡി സാമ്പാർ' ആയിരിക്കും തമിഴകത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുക! ഇവിടെ ഒരു ചോദ്യം ഉയരുന്നുണ്ട്- കുറേക്കൂടി ആഹാര പ്രിയരായ കേരളീയരെ ഈ കേന്ദ്ര ഭരണ പാർട്ടി കണ്ടില്ലെന്നു നടിക്കുന്നതെന്തേ? ജാതി-മതി-കക്ഷി ഭേദമെന്യേ ഏവരും ഓണം ആഘോഷിക്കുന്നതു പോലെ തന്നെ ഇഡ്ഡലിയും ശാപ്പിടുന്ന നാടാണ് കേരളം. കരപ്രമാണിമാരെ –പോലെ തെക്കു - വടക്കു നടക്കുന്ന സംസ്ഥാന നേതാക്കളെ വിളിച്ച് ഓരോ 'മോഡി ഇഡ്ഡലിക്കട' തുടങ്ങുവാൻ നിർദേശിക്കണം. വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇഡ്ഡലി കച്ചവടം ഒരു മാനദണ്ഡമാക്കാം. വോട്ട് വീഴുന്നത് ചെലവാകുന്ന ഇഡ്ഡലിയുടെ ഗുണത്തെ ആശ്രയിച്ചിരിക്കും. ജനപിന്തുണ നേടാൻ ഇതല്ലാതെ മറ്റൊരു പണിയും ബി.ജെ.പിയെക്കൊണ്ടു നടക്കുമെന്നു തോന്നുന്നില്ല. വിവരം മോഡിജി അറിഞ്ഞാൽ പിന്തുണ നൂറു ശതമാനം ഉറപ്പ്. അദ്ദേഹത്തിന് പണ്ടു ചായക്കച്ചവടം നടത്തിയ പരിചയമുണ്ടല്ലോ. വിലപ്പെട്ട ഉപദേശങ്ങളും ലഭിച്ചെന്നു വരാം. വിജയ ചിഹ്നം ഇഡ്ഡലിയും സാമ്പാറുമാകുന്നതിൽ സംഘപരിവാറിനും എതിർപ്പുണ്ടാകില്ല.
****                                  ****                      ****
'നൂറു ദിവസം കൊണ്ടു നൂറു പദ്ധതി' എന്നു മുഖ്യൻ പ്രസ്താവിച്ചത് ചിലർക്ക് അങ്കലാപ്പും മറ്റു ചിലർക്ക് ശീതളപാനീയ സേവയുടെ സൗഖ്യവും നൽകി. ആദ്യത്തേത് വെറു ന്യൂനപക്ഷം- രമേശ് ചെന്നിത്തല, മുല്ലപ്പള്ളി, കെ. സുരേന്ദ്രൻ തുടങ്ങിയവർ മാത്രം. എന്നാൽ ഭൂരിപക്ഷം പൊതുജനമാണെന്നും കരുതേണ്ട. അവരെ ഇതൊന്നും ബാധിക്കുകയില്ല. 'സന്തോഷം കൊണ്ടിനിക്കിരിക്കാൻ വയ്യേയ്' എന്ന പഴയൊരു പരസ്യത്തിന്റെ മാതിരി, സി.പി.എമ്മിൽ ഒരു വിഭാഗമുണ്ട്. മറ്റൊരു വിഭാഗം നിർവികാരമൂർത്തികളാണ്, അവർ പൊതുജനത്തിന്റെ വഴിയെ തന്നെ. (വിഭാഗീയത ഉണ്ടെന്നു തെളിഞ്ഞല്ലോ!) സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത വിഭാഗത്തിനാണ് ഇനി ഭാവി. 'കൺസൾട്ടൻസി' ഇല്ലാതെ വികസനം വരില്ല എന്ന 'ജയരാജ സൂക്ത'ത്തിലാണ് അവരുടെ പ്രതീക്ഷ. 'നൂറു ദിവസങ്ങൾ കൊണ്ട് നൂറു പദ്ധതി' എന്നു പറഞ്ഞാൽ ഒരു ദിവസം ഒരു പദ്ധതി. മന്ത്രസൂക്തം അനുസരിച്ച്, ഒരു പദ്ധതിക്ക് ഒരു കൺസൾട്ടൻസി. അങ്ങനെയെങ്കിൽ അമ്പതു വർഷത്തേക്ക് അധികാരമില്ലെങ്കിലും സുഭിക്ഷമായി ഇരുന്നുണ്ണുന്നതിനുള്ള 'വഹ'യായി.


പണ്ടൊരു പിതാവ് തന്റെ മകളെ ദന്തചികിത്സാ പഠനത്തിന് അയച്ചതിനെ ന്യായീകരിച്ച കഥ ഇങ്ങനെ- ഒരാൾ പിനി പിടിപെട്ട് ഡോക്ടറെ കാണുന്നു. ചികിത്സ കഴിഞ്ഞു രോഗം ഭേദമാകുന്നു. പിന്നീട് അസുഖം വരുമ്പോഴൊക്കെ അതേ ഡോക്ടറെ ചെന്നു കാണുന്നതു പതിവായി. അപ്പോൾ ഡോക്ടർക്കു ലഭിച്ച രോഗിയുടെ എണ്ണം എത്ര? ഒന്ന്, ഒരാൾ മാത്രം! നേരെ മറിച്ച് ദന്ത ചികിത്സയിലോ? ഒരാൾക്ക് മുപ്പത്തി രണ്ടു പല്ലുണ്ട്. ഓരോ പല്ലിനും വേണ്ടി വരുന്ന ചികിത്സ കണക്കുകൂട്ടിയാൽ മുപ്പത്തിരണ്ടു രോഗികളെ കൈയിൽ കിട്ടി എന്നു ദന്തഡോക്ടർക്ക് അഭിമാനിക്കാം. അതുപോലെയാണ് നൂറു പദ്ധതികൾക്ക് കൺസൾട്ടൻസി കൂടി തരപ്പെടാൻ കിട്ടുന്ന അവസരം!  ആ പ്രതിദിന പദ്ധതി അങ്ങനെയൊരു 'തങ്കക്കട്ടി' ആയി മാറട്ടെ എന്നു പലരും ആശിക്കുന്നുണ്ടാകാം. ഇതങ്ങു സ്റ്റാർട്ടായാൽ മറ്റേ 'സ്വർണ സ്വപ്ന'ത്തിന്റെ ചീത്തപ്പേരൊക്കെ നിമിഷം കൊണ്ടു കഴുകിക്കളയാം! 'കൊടിയേറ്റം' സിനിമയിൽ ഗോപി പറഞ്ഞതു പോലെ 'ഓ, എന്തൊരു സ്പീഡ്' എന്നു പദ്ധതിയുടെ വേഗം കണ്ട് പൊതുജനം തന്നെ പറഞ്ഞു തുടങ്ങും. 'അതിവേഗം ബഹുദൂരം' എന്നു പേരിടാനാണ് ആദ്യം മുഖ്യനും വ്യവസായിയായ ജയരാജൻ മന്ത്രിയും ആലോചിച്ചത്. ഉമ്മൻ ചാണ്ടിയെ കോപ്പിയടിച്ചുവെന്ന് അസൂയാലുക്കൾ പറഞ്ഞാലോ? സരിതാ നായരെ കോപ്പിയടിച്ച് സ്വപ്നാ സുരേഷ് എന്നൊരു പേര് സമ്പാദിച്ചത് മായ്‌ച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണ്. അതിനിടയിൽ 'പദ്ധതിയുടെ ടൈറ്റിൽ' കോപ്പിയടിച്ചു എന്നൊരു സർട്ടിഫിക്കറ്റ് കൂടി വേണ്ട.


സ്ഥാനമാനങ്ങൾ മോഹിച്ചതങ്ങു/ നാണം കെട്ടു നടക്കുന്നിതു ചിലർ' എന്നു പൂന്താനം പാടിയ കാലത്ത് ജനാധിപത്യം ജനിച്ചിട്ടില്ല. എം. കരുണാനിധിയോടു പിണങ്ങി, ഉറയിൽ നിന്നും വാളൂരി പിടിച്ചുകൊണ്ട് മക്കളുടെ ഇടയിലേക്കു ചെന്ന എം.ജി.ആറിനു ലഭിച്ച ചിഹ്നമെന്താണ്? -രണ്ടില. അദ്ദേഹം അന്ത്യശ്വാസം വലിക്കുന്നതു വരെയും ആ ഇലക്കീഴിൽ തമിഴ്‌നാട് ഭരിച്ചു. തേയില, കാപ്പി തുടങ്ങിയ പാനീയങ്ങൾ നമ്മെ ആകർഷിക്കുന്നതും ഇലയുടെ ഗുണം കൊണ്ടു തന്നെയാണ്. ആ നിലയ്ക്ക് നോക്കിയാൽ, കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തീരുമാനം പി.ജെ. ജോസഫിനു കിട്ടിയ അടി തന്നെയാണ്. ഇല പാലാക്കാരൻ കൊണ്ടുപോയി. തൊടുപുഴക്കാരൻ ഇലയ്ക്കു പകരം പൊടി തേയിലയോ കാപ്പിയോ ശീലിക്കണം. അടുത്ത വണ്ടിക്കു പോയാൽ സുപ്രീം കോടതി വരെ എത്താം. അതല്ലെങ്കിൽ പുതിയൊരു പാർട്ടി രൂപീകരിക്കാം. കേരളാ കോൺഗ്രസിന്റെ ഉൽപത്തി ചരിത്രത്തിൽ 'പിളരുന്തോറും വളരുകയും പിന്നെ പിളരുകയും പിന്നെ.......' എന്നൊരു അധ്യായം തന്നെയുണ്ട്. ഇനി ജോസ് ഗ്രൂപ്പില്ലെന്നും എല്ലാവരും കോ. കോ. എം ആണെന്നും ഒരു വിധി പ്രസ്താവം പാലായിൽ നിന്നും കേട്ടതോടെയാണ് ആശയക്കുഴപ്പവും തലപൊക്കിയത്. അങ്ങനെയെങ്കിൽ ജോസഫിനും മോൻസ് ജോസഫിനും ഒരു കാർ പിടിച്ചു നേരെ പാലായ്ക്കു വരുന്നതിനോടു ജോസ് മോനും വിരോധമുണ്ടാകുമോ? സ്ഥലത്തെത്തിയാൽ അകത്തു കയറ്റുമോ? അങ്ങനെയെങ്കിൽ 'അയോഗ്യരാക്കു' വാനുള്ള നടപടി തൽക്കാലം ജോസ് മോനു പരണത്തുവെയ്‌ക്കേണ്ടി വരും. കാലം ഇനിയുമുണ്ടല്ലോ. 'പാളയത്തിൽ പട' ഒരുക്കുവാൻ 'ഇനിയും ബാല്യമുണ്ട്' എന്നു ധൈര്യമായി പറയുവാൻ തക്കവണ്ണം ഓരോ കോ. കോ.യും വളർന്നു കഴിഞ്ഞു.


കഴിഞ്ഞ തവണ പാലായിൽ മത്സരിച്ചപ്പോൾ കോ.കോ തോറ്റത് ചർച്ച ചെയ്യുകയില്ല എന്ന ഉറപ്പിന്മേൽ വേണ്ടിവന്നാൽ ഇനിയും ഒരു ലയനം പോലും പ്രതീക്ഷിക്കാം. പക്ഷേ അതിനു മുമ്പ് ജോസ് കെ. മാണിയും കൂട്ടകാരും എൽ.ഡി.എഫിന്റെ വഞ്ചിയിലേക്കു കാൽവെക്കും. പാലായിൽ തോറ്റത് ചിഹ്നം 'കൈതച്ചക്ക' ആയതിനാലാണെന്ന ജോസ്‌മോന്റെ പ്രസ്താവനയാണ് മറുപടി കിട്ടാതെ റോഡിൽ കിടക്കുന്നത്. ഒരു ഉത്തമ പാനീയമായി കഴിഞ്ഞിരുന്ന കൈതച്ചക്കയുടെ പാലാ ദുരന്തത്തിൽ കരയാൻ മാത്രം ആരുമില്ലാതെ പോയി!
****                               ****                 ****
സമനില, സമദൂരം എന്നീ പദങ്ങൾ ഈയിടെയായി അത്യധികം പറഞ്ഞുകേൾക്കുന്നുണ്ട്. സമദൂരം കണ്ടുപിടിച്ചത് എൻ.എസ്.എസ് നേതാവായിരുന്ന നാരായണ പ്പണിക്കരായിരുന്നു. അതിനുള്ളിൽ സൗകര്യം പോലെ എടുത്തുപയോഗിക്കാൻ കഴിയുന്ന ഒരു 'ശരിദൂരം' ഒളപ്പിച്ചുവെച്ചിരുന്നു, അളിയന്മാരും ആശ്രിതരും മത്സരിക്കുന്നിടത്ത് അൽപം കൂടുതൽ അളന്നു കൊടുക്കുവാൻ പാകത്തിൽ. നാഴിയും ഇടങ്ങഴിയുമൊക്കെ പോയ്മറഞ്ഞ കാലം അറിയാതെ, പെരുന്നയിലെ ഇപ്പോഴത്തെ നാടുവാഴിയായ 'പോപ്' വട്ടിയൂർക്കാവ് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ 'സമദൂരത്തെ തള്ളി' 'ശരി ദൂരം' പരസ്യമായി എടുത്തുപ്രയോഗിച്ചു. ഫലം, സ്വന്തം സ്ഥാനാർഥിയെന്നു മുദ്ര കുത്തിയ മോഹൻ കുമാർ ദനയീയമായി നിലംപൊത്തി. എതിരാളിയും കന്നി നിയമസഭാ സ്ഥാനാർഥിയുമായ പ്രശാന്ത് കുതിച്ചുകയറി. ഇനി സ്വന്തക്കാരെ എവിടെയെങ്കിലും ദ്രോഹിക്കാനുണ്ടെങ്കിൽ സുകുമാരൻ നായരെ ഒന്ന് അറിയിച്ചാൽ മതി എന്നു പറഞ്ഞാണ് പിരിഞ്ഞത്.


എന്നാൽ 'സമനില'യോ? അതു മാനസികാവസ്ഥയുമായി ബന്ധപ്പെട്ടതാണെന്ന് പിണറായിയും ചെന്നിത്തലയും ആവർത്തിക്കുന്നതിനാൽ സൂക്ഷിക്കണം! പിണറായിക്ക് മാധ്യമക്കാരെ കാണുമ്പോൾ കുറച്ചു കാലമായി സമനില തെറ്റിയതു പോലെയാണ് പെരുമാറ്റമെന്നു ചെന്നിത്തല സൂക്ഷ്മ നിരീക്ഷണത്തിനു ശേഷം വെളിപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ അടുത്ത കാലത്തെ ഒരു പ്രത്യേക തരം മാനസികാവസ്ഥ നിമിത്തമാണ് എല്ലാറ്റിനെയും വിമർശിക്കുന്നതെന്ന് മനഃശാസ്ത്ര വിദഗ്ധനായ പിണറായിയും പറയുന്നു. ഇനി ഇവർക്ക് 'കളി' തുടരണമെങ്കിൽ 'മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്' ഹാജരാക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെടുന്ന നില എത്തിയിരിക്കുന്നു. അടിയന്തര പരിശോധനക്കു ഇരുവരും വിധേയരായാൽ നന്ന്; രണ്ടുപേരും അടുത്ത വർഷം മുഖ്യമന്ത്രി പദം കൊതിക്കുന്നവർ ആകയാൽ പ്രത്യേകിച്ചും!
 

Latest News