ദീപാവലി സമ്മാനമായി സൈനികര്‍ക്ക് ഫോണ്‍ കോള്‍ നിരക്കുകള്‍ കുറച്ചു

ന്യുദല്‍ഹി- സൈനികര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വക ദീപാവലി സമ്മാനമായി സാറ്റലൈറ്റ് ഫോണ്‍ കോള്‍ നിരക്കുകള്‍ ഗണ്യമായി കുറച്ചു. നിലവില്‍ മിനിറ്റിന് അഞ്ചു രൂപ നിരക്കില്‍ സൈനികര്‍ ഉപയോഗിച്ചിരന്ന ഡിജിറ്റല്‍ സാറ്റലൈറ്റ് ഫോണ്‍ ടെര്‍മിനല്‍ (ഡിഎസ്പിടി) കോളുകള്‍ക്ക് ബുധനാഴ്ച മുതല്‍ ഒരു രൂപയാക്കിയാണ് കുറച്ചത്. ഇതേടെ തങ്ങളുടെ ഉറ്റവരുമായി സൈനികര്‍ക്ക് കൂടുതല്‍ സമയം കുറഞ്ഞ ചെലവില്‍ സംസാരിക്കാം.

നിലവില്‍ മാസം തോറും 500 രൂപയും ഓരോ മിനിറ്റിനും അഞ്ചു രൂപയുമാണ് സൈനികര്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗത്തിന് നല്‍കി വന്നിരുന്നത്. വ്യാഴാഴ്ച മുതല്‍ മാസം വരിസംഖ്യയായ 500 രൂപ പൂര്‍ണമായും ഒഴിവാക്കുമെന്ന് വാര്‍ത്താ വിനിമയ മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. ഈ ഇളവ് സര്‍ക്കാരിന് പ്രതിവര്‍ഷം നാലു കോടിയോളം രൂപയുടെ അധിക ചെലവുണ്ടാക്കുന്നതാണെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു.

ഇപ്പോള്‍ 2,500 സാറ്റലൈറ്റ് ഫോണ്‍ കണക്്ഷനുകളാണ് സൈനികര്‍ ഉപയോഗിക്കുന്നത്. നേരത്തെ ടാറ്റ കമ്മ്യണിക്കേഷന്‍സായിരുന്നു സൈന്യത്തിന് സാറ്റലൈറ്റ് ഫോണ്‍ സേവനം നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് പൊതുമേഖലാ ടെലികോ കമ്പനിയായ ബിഎസ്എന്‍എല്‍ ആണ്.

5000 കണക്്ഷനുകള്‍ക്കുള്ള ശേഷി നിലവിലുണ്ട്. ആവശ്യമെങ്കില്‍ ശേഷി ആറു മാസത്തിനകം വര്‍ധിപ്പിക്കാന്‍ കഴിയും. കൂടുതല്‍ കണക്ഷനുകള്‍ നല്‍കാന്‍ പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
 

Latest News