Sorry, you need to enable JavaScript to visit this website.

ആംബുലന്‍സ് പീഡനക്കേസ് പ്രതി പോലീസ് ക്ലിയറന്‍സ് നല്‍കിയിരുന്നില്ല

പത്തനംതിട്ട- ആറന്മുളയില്‍ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം സ്വദേശി വി. നൗഫല്‍ ഹാജരാക്കിയത് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റല്ലെന്നും അതിനായി നല്‍കിയ അപക്ഷേ മാത്രമാണെന്നും റിപ്പോര്‍ട്ട്. സര്‍ട്ടിഫിക്കറ്റിനായി കായംകുളം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ അപേക്ഷയുടെ പകര്‍പ്പാണ് നല്‍കിയിരുന്നത്.  108 ആംബുലന്‍സ് ഡ്രൈവര്‍മാരുടെ നിയമനത്തിന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
നൗഫലില്‍ നിന്ന് സര്‍ട്ടിഫിക്കറ്റിനായി ഇത്തരമൊരു അപേക്ഷ പോലും ലഭിച്ചിട്ടില്ലെന്ന് കായംകുളം പോലീസ് പറയുന്നു. ആരോഗ്യ വകുപ്പിന്റെ കനിവ് പദ്ധതിയുടെ ഭാഗമായ 108 ആംബുലന്‍സിന്റെ െ്രെഡവര്‍ ആകാന്‍ നല്‍കിയ അപേക്ഷ പോലും വ്യാജമാണെന്നാണ് ഇതു നല്‍കുന്ന സൂചന. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയായ ജിവികെ ഇഎംആര്‍ഐയാണ് 108 ആംബുലന്‍സിന്റെ നടത്തിപ്പ് ഏജന്‍സി.

ശനിയാഴ്ച രാത്രി 12 മണിയോടെ ആറന്മുള നാല്‍ക്കാലിക്കല്‍ പാലത്തിനുസമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിനടുത്തു വെച്ചായിരുന്നു ആംബുലന്‍സിലെ പീഡനം. പെണ്‍കുട്ടിയുടെ അമ്മയും രണ്ട് സഹോദരിമാരും കോവിഡ് ചികിത്സയിലാണ്. അടൂരിലെ ബന്ധുവീട്ടില്‍ കഴിഞ്ഞിരുന്ന യുവതിക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പന്തളത്തെ പ്രാഥമിക ചികിത്സാകേന്ദ്രത്തിലാക്കാനാണ് ആരോഗ്യവകുപ്പ് 108 ആംബുലന്‍സ് അയച്ചത്. കോഴഞ്ചേരി കോവിഡ് ആശുപത്രിയിലെത്തിക്കേണ്ട രോഗിയായ നാല്‍പതുകാരിയായ മറ്റൊരു സ്ത്രീയെയും കൂട്ടിയാണ് ആംബുലന്‍സ് രാത്രി 11നു ശേഷം പുറപ്പെട്ടത്. പന്തളത്ത് യുവതിയെ ഇറക്കേണ്ടതിനുപകരം കോഴഞ്ചേരിയിലേക്കുപോയി. കൂടെയുണ്ടായിരുന്ന  40 കാരിയെ കോഴഞ്ചേരിയില്‍ ഇറക്കിയശേഷം ആറന്മുളയില്‍ നിന്നും പന്തളത്തേക്കുള്ള വിജനമായ സ്ഥലത്തുവച്ചാണ് അര്‍ധരാത്രിയോടെ യുവതിയെ പീഡിപ്പിച്ചത്.
റോഡ് അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ സൗജന്യ ആംബുലന്‍സ് ശൃംഖലയാണ് കനിവ് പദ്ധതി. 108 ല്‍ വിളിച്ചാല്‍ ആംബുലന്‍സ് ലഭ്യമാക്കുന്നതിനൊപ്പം തൊട്ടടുത്തുള്ള ആശുപത്രിയില്‍ വിവരമറിയിച്ചു സൗകര്യമൊരുക്കും. 14 ജില്ലകളിലായി 316 ആംബുലന്‍സുകളാണുള്ളത്. ഈ പദ്ധതിയുടെ 293 ആംബുലന്‍സുകളും ആയിരത്തിലേറെ ജീവനക്കാരുമാണ് ഇപ്പോള്‍ കോവിഡ് സേവനത്തിനുള്ളത്.

 

Latest News