സൗദിയില്‍ കോവിഡ് ചികിത്സയിലായിരുന്ന കന്യാകുമാരി സ്വദേശി മരിച്ചു

ജിസാന്‍- കോവിഡ് രോഗ ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കന്യാകുമാരി നാഗര്‍കോവില്‍ കൃഷ്ണന്‍കോവില്‍ എം.എസ്. മന്‍സിലില്‍ മാഹിന്‍ മുഹമ്മദ് സാലി (53) ജിസാനില്‍ മരിച്ചു. ഒരാഴ്ചയായി ജിസാന്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ടയോട്ട ജിസാന്‍ ശാഖയിലെ സ്‌പെയര്‍പാര്‍ട്ടസ് ഡെലിവറി ഡ്രൈവറായിരുന്നു.   
അവധിക്ക് നാട്ടില്‍പോകനിരിക്കെയാണ് മാഹിന്‍ അസുഖ ബാധിതനായത്. 19 വര്‍ഷമായി ടയോട്ടയില്‍ ജോലിചെയ്യുന്നു. മുഹമ്മദ് സാലിയുടെയും ബീവിയുമ്മയുടെയും മകനാണ്. സെയിദ അലി ഫാത്തിമയാണ് ഭാര്യ. മക്കളായ മനീഷ ബീഗം, ദഗറിന്‍ നിഷ എന്നിവര്‍ നാട്ടില്‍ വിദ്യാര്‍ഥികളാണ്. കഴിഞ്ഞ 20 രണ്ടുവര്‍ഷമായി ജിസാനിലുള്ള മാഹിന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു. നന്നായി ഒഴുക്കോടെ മലയാളം സംസാരിക്കുന്നതിനാല്‍ മാഹിന് മലയാളികളുമായും മലയാളി കുടുംബങ്ങളുമായും നല്ല ബന്ധമുണ്ടായിരുന്നു. ജിസാനില്‍ വലിയൊരു സുഹൃദ്‌വലയത്തിന്റെ ഉടമയായിരുന്ന മാഹിന്‍ മറ്റുള്ളവരെ സഹായിക്കാന്‍ എന്നും മുന്നിട്ടിറങ്ങിയിരുന്നതായി അടുത്തസുഹൃത്തും ടയോട്ട അല്‍ദര്‍ബ് ശാഖയിലെ സ്‌പെയര്‍പാര്‍ട്‌സ് മാനേജറുമായ റഫീക്ക് പറഞ്ഞു. മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിസാനില്‍ ഖബറടക്കുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കന്‍ സഹപ്രവര്‍ത്തകരും ജിസാനിലെ സമൂഹിക പ്രവര്‍ത്തകരും ശ്രമങ്ങള്‍ ആരംഭിച്ചു. ജിസാന്‍ ആര്‍ട്ട്‌ലവേഴ്‌സ് അസോസിയെഷന്‍ മാഹിന്റെ വിയോഗത്തില്‍ അനുശോചിച്ചു.- താഹ കൊല്ലേത്ത്

 

Latest News