Sorry, you need to enable JavaScript to visit this website.

ടിക്കറ്റ് റീഫണ്ട് ചെയ്യാൻ വിമാന കമ്പനികള്‍ക്ക് മാര്‍ച്ച് 31 വരെ സമയം നല്‍കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- ലോക്ഡൗണിനെ തുടര്‍ന്ന് റദ്ദാക്കപ്പെട്ട യാത്രാ ടിക്കറ്റുകളുടെ പണം യാത്രക്കാര്‍ക്ക് മടക്കി നല്‍കാന്‍ 2021 മാര്‍ച്ച് 31 വരെ വിമാന കമ്പനികള്‍ക്ക് സമയം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. വ്യോമയാന രംഗത്തെ പ്രതിസന്ധി കണക്കിലെടുക്കണമെന്നാണ് കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥന. റദ്ദാക്കപ്പെട്ട ടിക്കറ്റുകള്‍ക്കു പകരമായി മാര്‍ച്ച് 31 വരെ പുതിയ ടിക്കറ്റ് എവിടേക്കു വേണമെങ്കിലും ബുക്ക് ചെയ്യാന്‍ അവസരം നല്‍കാമെന്നും ഇതിനകം ടിക്കറ്റ് എടുത്തില്ലെങ്കില്‍ പണം തിരികെ നല്‍കാമെന്നുമുള്ള വിമാന കമ്പനികളുടെ നിര്‍ദേശത്തെ സര്‍ക്കാര്‍ പിന്താങ്ങുകയായിരുന്നു. റദ്ദാക്കിയ ടിക്കറ്റ് തുക തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിക്കു മറുപടിയായി കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്  സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇതു കോടതി ബുധനാഴ്ച പരിഗണിക്കും.  

അതേസമയം, ആദ്യ ലോക്ഡൗണ്‍ കാലയളവായ മാര്‍ച്ച് 25നും ഏപ്രില്‍ 14നുമിടയില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍, അവ ഡിജിസിഎ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരായതിനാല്‍ ഉടന്‍ റീഫണ്ട് ചെയ്യണമെന്ന് നേരത്തെ വിജ്ഞാപനം ഇറക്കിയതാണെന്നും കേന്ദ്രം വ്യക്തമാക്കി. ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യാത്തതും അവ വിമാന കമ്പനികള്‍ വായ്പ ഗണത്തിലുള്‍പ്പെടുത്തുന്നതും സിവില്‍ വ്യോമഗതാഗത ചട്ടങ്ങളുടെ ലംഘനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ട്. ഈ ചട്ടലംഘനങ്ങള്‍ വിമാന കമ്പനികള്‍ക്കെതിരെ നിയമ നടപടികളിലേക്കു നയിച്ചേക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍  അത് വ്യോമയാന മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
 

Latest News