Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നിര്‍ബന്ധമില്ല

ചെന്നൈ- സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. നല്ല സ്മാര്‍ട്‌ഫോണും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ലഭ്യമല്ലാത്ത നിരവധി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകളില്‍ അനിഷ്ടസംഭവങ്ങളുണ്ടാകുന്നതായും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഒരു സ്‌കൂളും നിര്‍ബന്ധിക്കരുതെന്ന് സ്‌കൂള്‍ എജുക്കേഷന്‍ കമ്മീഷണര്‍ സിഗി തോമസ് വൈദ്യന്‍ ഉത്തരവിട്ടു. ഓണ്‍ലൈന്‍ ക്ലാസിലെ ഹാജര്‍ മാര്‍ക്കുകള്‍ക്ക് മാനദണ്ഡമാക്കരുതെന്നും ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഓണ്‍ലൈന്‍ ക്ലാസുകള്‍ നീരക്ഷിക്കാന്‍ പ്രത്യേക എജുക്കേഷന്‍ കൗണ്‍സിലറെ നിയമിക്കണമെന്നും സ്‌കൂളുകളോട് ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നതിനെതിരെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പു നല്‍കി. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും സ്‌കൂളുകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ അതത് ചീഫ് എജുക്കേഷനല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
 

Latest News