ബിനോയ് കോടിയേരി ഡി.എന്‍.എ വിവാദം പുറത്തെടുത്ത് കെ.മുരളീധരന്‍

കോഴിക്കോട്- സിപിഎമ്മുമായി ബന്ധപ്പെട്ട മിക്ക പരാതികളും ഒതുക്കാന്‍ ബിജെപിയാണ് സഹായിക്കുന്നതെന്ന് കെ. മുരളീധരന്‍ എം.പി. ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയും ഡിഎന്‍എ ടെസ്റ്റിന്റെ പരിശോധനാഫലവും ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാന്‍ സാധ്യതയുണ്ട്. ഡിഎന്‍എ ടെസ്റ്റിന്റെ ഫലം തനിക്ക് അനുകൂലമായിരുന്നെങ്കില്‍ ആരോപണം ഉന്നയിച്ച സ്ത്രീക്കെതിരെ ബിനോയ് കോടിയേരി മാനനഷ്ടക്കേസ് നല്‍കുമായിരുന്നെന്നും കെ.മുരളീധരന്‍ എംപി പറഞ്ഞു.

കമ്യൂണിസ്റ്റുകാര്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് കോടിയേരിയുടെ മക്കളുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. കേരളം മയക്കുമരുന്നിന്റെ കേന്ദ്രമായി മാറുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെട്ട സംഘമാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്ന സൂചനകളാണ് പുറത്തുവരുന്നത്.

മയക്കുമരുന്ന് മാഫിയക്ക് ലക്ഷങ്ങള്‍ കടം കൊടുക്കാന്‍ മാത്രം ബിനീഷിന് എവിടെ നിന്നാണ് വരുമാനം? മയക്കുമരുന്ന് കേസില്‍ കര്‍ണാടകയില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ 28 തവണ ബിനീഷ് കോടിയേരി ഫോണില്‍ വിളിച്ചത് കമ്മ്യൂണിസം പഠിപ്പിക്കാനാണോയെന്നും മുരളീധരന്‍ ചോദിച്ചു.

വെഞ്ഞാറമൂട് കൊലപാതകവും പൊന്ന്യം ബോംബ് സ്‌ഫോടനവും മയക്കുമരുന്ന് കേസും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.
വെഞ്ഞാറമൂട് രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടന്നതെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. മരിച്ചവരുടെ കയ്യിലും ആയുധം ഉണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത് ഇതിന് തെളിവാണ്. എന്നാല്‍ വെഞ്ഞാറമൂട് കേസില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ പോലീസ് തയ്യാറാവുന്നില്ല.
കൊല്ലപ്പെട്ടവരും കൊല്ലിച്ചവരും ഒരേ പാര്‍ട്ടിക്കാരാണ്. കേരള പോലീസിന്റെ അന്വേഷണം നിഷ്പക്ഷമല്ല. റൂറല്‍ എസ്.പി അശോകന്‍ കളങ്കിതനായ ആളാണെന്നും ഇയാളെ കോടിയേരി ഇടപെട്ടാണ് നിയമിച്ചതെന്നും മുരളീധരന്‍ ആരോപിച്ചു. കേസില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടക്കണമെങ്കില്‍ സിബിഐ തന്നെ വേണം.
ഡിവൈഎഫ്‌ഐ നേതാവ് റഹീമാണ് ഇപ്പോള്‍ പ്രതികളെ തീരുമാനിക്കുന്നത്.   അന്വേഷണസംഘത്തിന് കൈമാറേണ്ട തെളിവുകള്‍ എന്തടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരത്തുന്നതെന്നും മുരളീധരന്‍ ചോദിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് വെഞ്ഞാറമൂട് ഇരട്ടക്കൊല കേസില്‍ സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ലീനയുടെ വീട് ആക്രമിക്കപ്പെട്ടപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ സന്ദശിച്ചത് സ്വാഭാവികമാണ്. മകനാണോ ആക്രമിച്ചതെന്ന് പോലീസ് അന്വേഷിച്ചു കണ്ടെത്തണം.
കോണ്‍ഗ്രസുകാര്‍ ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്ന് പി.ജയരാജന്‍ പറയുന്നത് ഏറ്റവും വലിയ പതിവ്രതയാണെന്ന് വാസവദത്ത അവകാശപ്പെടുന്ന പോലെയാണെന്ന് മുരളീധരന്‍ പറഞ്ഞു.
ബോംബ് നിര്‍മ്മാണം സിപിഎം കുടില്‍ വ്യവസായമാക്കിയതിന് തെളിവാണ് പാര്‍ട്ടി കേന്ദ്രത്തിലുണ്ടായ ബോംബ് സ്‌ഫോടനം. പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ഉണ്ടാക്കിയ ബോംബുകളാണ് പൊന്ന്യത്ത് പൊട്ടിത്തെറിച്ചത്. മുന്‍കാലങ്ങളിലും ഇത്തരം സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബോംബുണ്ടാക്കിയവരെ ആദ്യം സിപിഎം തള്ളിപ്പറയുമെങ്കിലും പിന്നെ അവരെ സഹായിക്കാന്‍ ഫണ്ട് പിരിക്കാറാണ് പതിവെന്നും മുരളീധരന്‍ ആരോപിച്ചു.

കോണ്‍ഗ്രസിന് തിരിച്ചടിക്കാനറിയാഞ്ഞിട്ടല്ല. ശാന്തിയും സമാധാനവും ഉണ്ടാക്കുമെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് വോട്ട് നേടിയത്. ജനങ്ങളോട് കോണ്‍ഗ്രസിന് ബാധ്യതയുണ്ട്. എന്നാല്‍ ഇതൊരു ദൗര്‍ബല്യമായി കരുതരുതെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായം. ജയിക്കുന്നവര്‍ക്ക് ലെറ്റര്‍ പാഡ് അടിക്കാനോ നിയമസഭ കാണാനോ പോലും അവസരം ലഭിക്കില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

 

Latest News