Sorry, you need to enable JavaScript to visit this website.

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ തിരിച്ചെത്തി; തെരഞ്ഞെടുപ്പുകളുടെ പൂര്‍ണ ചുമതല

മലപ്പുറം- ഇടവേളയ്ക്കു ശേഷം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എം.പി സംസ്ഥാനത്തെ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകള്‍, ഉപതെരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു എന്നിവയുടെ പൂര്‍ണ ചുമതല പാര്‍ട്ടി കുഞ്ഞാലിക്കുട്ടിക്കു നല്‍കി. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷം പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മുന്‍കാലങ്ങളില്‍ കുഞ്ഞാലിക്കുട്ടി ചുമതല വഹിച്ച തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കും യുഡിഎഫിനും വിജയിക്കാനായിട്ടുണ്ട്. കേരള രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ഇപ്പോള്‍ അനിവാര്യമായിരിക്കുകയാണ് എന്നാണ് ലീഗ് വിലയിരുത്തല്‍. ഭരണംതിരിച്ചു പിടിക്കാന്‍ മുന്നണിയെ ഒരുമിച്ചു കൊണ്ടുപോകുന്നതില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അനിവാര്യമാണ്. ഇക്കാര്യം ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും സൂചിപ്പിച്ചു. പാര്‍ട്ടിയുടെ ദേശീയതലത്തിലുള്ള തെരഞ്ഞെടുപ്പു ചുതമല ബഷീറിനാണ്. 

ഇപ്പോള്‍ ലോകസഭാ എംപിയായ കുഞ്ഞാലിക്കുട്ടി രാജിവെച്ച് നിയമസഭയിലേക്കു മത്സരിക്കുമോ എന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. ആ ഘട്ടം വരുമ്പോള്‍ തീരുമാനിക്കുമെന്ന് ബഷീര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്രയാണ് വരാനിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിനു പുറത്ത് മറ്റു പാര്‍ട്ടികളുമായി രാഷ്ട്രീയ സഖ്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മറ്റു നീക്കു പോക്കുകള്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News