ചെന്നൈ- ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയായ മലയാളി പെണ്‍കുട്ടിയെ വിവാഹ വാദ്ഗാനം നല്‍കി നാലു വര്‍ഷത്തിനിടെ പലതവണ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളായ രണ്ടു മലയാളി യുവാക്കളെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ 19 വയസ്സുള്ള പെണ്‍കുട്ടിയെ സുബിന്‍ ബാബു (24) എന്ന പ്രതിയാണ് 2017ല്‍ ആദ്യം പരിചയപ്പെട്ടത്. പ്രണയം നടിച്ച് സുബിന്‍ പെണ്‍കുട്ടിയുമായി നിരവധി തവണ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ഈ ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തുകയും ചെയ്തിരുന്നു. വിവാഹ വാഗ്ദാനം വിശ്വസിച്ച പെണ്‍കുട്ടിയില്‍ നിന്ന് പിന്നീട് ഇയാള്‍ പല തവണയായി ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടി. മൂന്ന് ലക്ഷത്തോളം രൂപ സുബിന്‍ തട്ടിയെടുത്തിട്ടുണ്ട്.
ഇതിനിടെ പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തുകയും സംഭവം പെണ്‍കുട്ടിയുടെ കുടുംബം അറിയുകയും ചെയ്തിരുന്നു. ഇതിനു ശേഷം കുറേ നാളുകള്‍ ബന്ധമില്ലായിരുന്നു. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് തന്നെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെയാണ് പ്രതികള്‍ വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയത്. സുബിന്‍ രണ്ടാം പ്രതി സജിന്‍ വര്‍ഗീസുമായി ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പഴയ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം താംബരം വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ചെന്നൈ എരുക്കഞ്ചേരിയില്‍ താമസിക്കുന്ന സുബിനേയും സുഹൃത്ത് സജിന്‍ വര്‍ഗീസിനേയും പോക്‌സോ നിയമപ്രകാരം കുറ്റംചുമത്തി അറസ്റ്റ് ചെയ്തു. ഇവര്‍ മറ്റു നാലിലേറെ പെണ്‍കുട്ടികളേയും സമാന രീതിയില്‍ വഞ്ചിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.