കാര്‍ട്ടൂണിനു പിന്നില്‍ പരിഹാസവും വിദ്വേഷവും മാത്രം; ഒ.ഐ.സി അപലപിച്ചു

ജിദ്ദ - പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ അപകീര്‍ത്തിപ്പെടുന്ന കാര്‍ട്ടൂണുകള്‍ ഫ്രഞ്ച് മാസിക ഷാര്‍ളി എബ്‌ദൊ പുനഃപ്രസിദ്ധീകരിച്ചതിനെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനു കീഴിലെ ഇന്‍ഡിപെന്‍ഡന്റ് പെര്‍മനന്റ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ അപലപിച്ചു. ഇത് വിദ്വേഷത്തിന്റെയും അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണ്. ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, ഇസ്‌ലാമിലെ ഏറ്റവും വലിയ വ്യക്തിത്വത്തെ പരിഹസിക്കുന്നതിനു വേണ്ടിയാണ് കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിച്ചത്.
അഭിപ്രായ സ്വാതന്ത്ര്യവുമായി യാതൊരു ബന്ധവുമില്ലാത്ത, മതനിന്ദകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഫ്രഞ്ച് മാസികയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രകടനമായി ചില രാജ്യങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഖേദകരമാണ്. സൃഷ്ടിപരമായ വിമര്‍ശനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെങ്കിലും കേവല പരിഹാസം, അപമാനിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവ വിദ്വേഷത്തിനും വിവേചനത്തിനും അക്രമത്തിനും പ്രേരിപ്പിക്കുന്നു. ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം കുറ്റകരമാക്കുന്നു. 2015 ല്‍ ഷാര്‍ളി എബ്‌ദൊ മാസിക ആസ്ഥാനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ മുസ്‌ലിം ലോകം ഒന്നടങ്കം അപലപിച്ചിട്ടുണ്ട്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മുസ്‌ലിമായ പോലീസ് ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. അക്രമികളില്‍നിന്ന് മാസിക ആസ്ഥാനത്തിന് പ്രതിരോധം തീര്‍ത്താണ് ഇദ്ദേഹം സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചത്. ഭീകരാക്രമണങ്ങള്‍ക്ക് ഇസ്‌ലാമുമായോ മറ്റു മതങ്ങളുമായോ ബന്ധമില്ലെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്‌ലിം സമുദായം ആത്മസംയമനം പാലിക്കുകയും വിദ്വേഷ ഭാഷണം ചെറുക്കാന്‍ ലഭ്യമായ പ്രാദേശിക, അന്താരാഷ്ട്ര നിയമ മാര്‍ഗങ്ങള്‍ അവലംബിക്കുകയും വേണമെന്ന് ഇന്‍ഡിപെന്‍ഡന്റ് പെര്‍മനന്റ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ പറഞ്ഞു.

 

Latest News