ധനമന്ത്രി നിര്‍മലയുടെ ന്യായങ്ങള്‍ ഭര്‍ത്താവിന് പോലും ബോധ്യമാകുന്നില്ല

ന്യൂദല്‍ഹി- രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ന്യായങ്ങള്‍ അവരുടെ ഭര്‍ത്താവിന് പോലും ബോധ്യമാകുന്നില്ല. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിലെ വന്‍ ഇടിവ് മറികടക്കാന്‍ ദൈവത്തെ ഓര്‍ത്ത് എന്തെങ്കിലും ചെയ്യണമെന്ന അഭ്യര്‍ഥനയുമായി സാമ്പത്തിക വിദഗ്ധന്‍ കൂടിയായ പരകല പ്രഭാകരാണ് രംഗത്തുവന്നത്. മോഡിയുടെ സാമ്പത്തിക നയത്തെ രൂക്ഷമായാണ് അദ്ദേഹം ട്വിറ്ററില്‍ വിമര്‍ശിച്ചത്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കഴിഞ്ഞാഴ്ച സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി വിഹിതം പോലും നിഷേധിച്ച ധനമന്ത്രി നിര്‍മല എല്ലാം ദൈവത്തിന്റെ വിധിയാണെന്നാണ് സമാധാനിക്കുന്നത്.  കോവിഡ് വന്നത് ദൈവേച്ഛയാണെന്നും അതാണ് സാമ്പത്തിക തകര്‍ച്ചക്ക് കാരണമെന്നുമാണ് മന്ത്രി പറയുന്നത്.

https://www.malayalamnewsdaily.com/sites/default/files/2020/09/05/sitahus.jpg
എന്നാല്‍, ദൈവത്തെ ഓര്‍ത്ത് എന്തെങ്കിലും ഉടനെ ചെയ്യൂ എന്നാണ് മന്ത്രിയുടെ ഭര്‍ത്താവ് ആവശ്യപ്പെടുന്നത്. സാമ്പത്തിക വെല്ലുവിളി നേരിടാനോ ഫലപ്രദമായി പ്രതികരിക്കാനോ സര്‍ക്കാരിന് കഴിയുന്നില്ലെന്നും അതിനുള്ള ആശയങ്ങള്‍ അവര്‍ക്കില്ലെന്നും പ്രഭാകര്‍ വിമര്‍ശിച്ചു.
മുമ്പും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ അദ്ദേഹം രംഗത്തുവന്നിരുന്നു. ജെ.എന്‍.യുവില്‍ പഠിച്ച പ്രഭാകര്‍ 1986 ലാണ് നിര്‍മലയെ വിവാഹം ചെയ്തത്. ഹൈദരാബാദില്‍ റൈറ്റ്‌ഫോളിയോ എന്ന പേരില്‍ ഒരു ഡാറ്റ അനലിറ്റിസ് സ്ഥാപനം നടത്തുകയാണ് പ്രഭാകര്‍ ഇപ്പോള്‍.

 

Latest News