Sorry, you need to enable JavaScript to visit this website.

രക്തസാക്ഷികളെ തിരുത്തിയെഴുതി ചരിത്രനിർമാണം

സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളെ കുറിച്ചുള്ള ദേശീയ താരാവലിയുടെ കവർചിത്രം

മലപ്പുറം- ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷിത്വം വഹിച്ച ധീരദേശാഭിമാനികളെക്കുറിച്ച് വിവരിക്കുന്ന ദേശീയ താരാവലിയുടെ ഡിജിറ്റൽ എഡിഷനിൽനിന്ന് തെന്നിന്ത്യൻ സംസ്ഥാനങ്ങളെ ഒഴിവാക്കി. ബ്രിട്ടീഷ് സർക്കാരിനെതിരെ 1921 ൽ മലബാറിൽ നടന്ന പോരാട്ടങ്ങളിൽ രക്തസാക്ഷിത്വം വഹിച്ച ആലിമുസ്‌ല്യാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങി നിരവധി നേതാക്കളുടെ ചരിത്രം പറയുന്ന ഭാഗമാണ് ഒഴിവാക്കിയത്. 2019 ൽ പുറത്തിറങ്ങിയ പുസ്തകത്തിൽ അവരുടെ ചരിത്രം പ്രതിപാദിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസമാണ് ഡിജിറ്റൽ എഡിഷനിൽനിന്ന് ഇതെല്ലാം അപ്രത്യക്ഷമായത്. മലബാറിൽ നടന്ന ഖിലഫത്ത് സമരങ്ങൽ ഉൾപ്പടെയുള്ള ചരിത്രം നീക്കം ചെയ്ത് താരാവലി പുതുക്കി പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമാണിതെന്ന് വിമർശങ്ങൾ ഉയരുന്നുണ്ട്.


1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതൽ 1947 ൽ സ്വാതന്ത്ര്യ ലബ്ദി വരെയുള്ള കാലഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാരിനെതിരെ പോരാടി വീരരക്തസാക്ഷിത്വം വരിച്ചവരുടെ വിവരങ്ങളാണ് ഈ ചരിത്രതാരവലിയിലുള്ളത്. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ സ്മാരകമായാണ് പുസ്തകം 2019 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ദൽഹിയിൽ പുറത്തിറക്കിയത്. 
പുസ്തകത്തിന്റെ അഞ്ചാംവാള്യത്തിലാണ് ഖിലാഫത്ത് നേതാക്കൾ ഉൾപ്പടെ കേരളത്തിൽനിന്നുള്ള സ്വാതന്ത്ര്യസമര കാലത്തെ രക്തസാക്ഷികളുടെ വിവരണം ഉൾപ്പെടുത്തിയിരുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ചരിത്രനായകൻമാരുടെ വിവരങ്ങളും ഈ വാള്യത്തിലുണ്ട്. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാനായിരുന്ന അരവിന്ദ് പി. ജാംഖേദ്ക്കർ ജനറൽ എഡിറ്ററും മെമ്പർ സെക്രട്ടറി രജനീഷ് കുമാർ ശുകഌഎക്‌സിക്യൂട്ടീവ് എഡിറ്ററുമായി തയാറാക്കിയ പുസ്തകത്തിന്റെ പ്രസാധനം നിർവഹിച്ചത് കേന്ദ്ര സാംസ്‌കാരിക വകുപ്പും ചരിത്ര ഗവേഷണ കൗൺസിലുമാണ്.


അഞ്ചാം വാള്യത്തിൽ കേരളത്തിൽനിന്നുള്ള രക്തസാക്ഷികളിൽ ഭൂരിഭാഗവും മലബാർ കലാപവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പട്ടാളം കൊലപ്പെടുത്തിയവരാണ്. ആലിമുസ്‌ല്യാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവർക്ക് പുറമെ മലപ്പുറം ജില്ലയിൽ മലബാർ കലാപകാലത്ത് നടന്ന പൂക്കോട്ടൂർ യുദ്ധമുൾപ്പടെയുള്ള പോരാട്ടങ്ങളിൽ മരിച്ചവരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നുമുതൽ അഞ്ചുവരെയുള്ള വാള്യങ്ങളായാണ് താരാവലി പുറത്തിറങ്ങിയത്. മറ്റ് നാലു വാള്യങ്ങൾ മാത്രമാണ് ഇപ്പോൾ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ വെബ്‌സൈറ്റിലുള്ളത്. 
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസ്‌ല്യാർ തുടങ്ങിയവരുടെ ചിരിത്രമുൾപ്പെടുന്നതിലാണ് ഈ വാള്യം കേന്ദ്ര സർക്കാർ പിൻവലിച്ചതെന്ന് വാരിയംകുന്നത്തിന്റെ കുടുംബമായ ചക്കിപറമ്പൻ കുടുംബ അസോസിയേഷൻ ഭാരവാഹികളായ സി.പി. അബ്ദുൽ വഹാബും ജാഫർ ഈരാറ്റുപേട്ടയും കുറ്റപ്പെടുത്തി.


പ്രസ്തുത പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പിൽനിന്നും ഈ ഭാഗം പിൻവലിച്ച കേന്ദ്ര മന്ത്രാലയത്തിന്റെ നടപടി ഭീരുത്വവും ചരിത്രത്തോടുള്ള അനാദരവുമാണ്. പ്രമുഖരുടെ ചരിത്ര കൃതികളിലെല്ലാം ഖിലാഫത്ത് സമരത്തേയും നേതാക്കളെയും സ്വതന്ത്ര സമര പോരാട്ടമായി വിവരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനിടയിൽ സംഘ് പരിവാർ നടത്തുന്ന ഇത്തരം വർഗീയ നീക്കങ്ങൾ സൂര്യപ്രകാശത്തെ പാഴ് മുറം കൊണ്ട് തടഞ്ഞ് വെക്കൽ മാത്രമായി പരിണമിക്കും.
മലബാർ സമരത്തെ വർഗീയ പോരാട്ടമാക്കി ചുരുട്ടികെട്ടാൻ സംഘ് പരിവാർ ഏത്ര ശ്രമിച്ചാലും സത്യസന്ധവും വസ്തുതപരവുമായ അന്വേഷണവും പഠനവും നിലനിൽക്കുന്നിടത്തോളം അവയൊന്നും വിജയിക്കില്ലെന്നും അവർ പറഞ്ഞു.
 

Latest News