Sorry, you need to enable JavaScript to visit this website.

കോടതി മുറിയിലേക്ക് പടികള്‍ കയറാനാവാത്ത  വൃദ്ധയ്ക്ക് കലക്ടറുടെ ഇടപെടല്‍ ആശ്വാസം പകര്‍ന്നു 

സെക്കന്തരാബാദ്- കോടതി മുറിയിലേക്ക് പടികള്‍ കയറി എത്താന്‍ കഴിയാതിരുന്ന വൃദ്ധയെ കാണാന്‍ ഫയലുകളുമായി കലക്ടര്  പടികളിറങ്ങി വന്നു. വൃദ്ധയ്ക്ക് പറയാനുള്ളത് കേട്ട ശേഷം കലക്ടര്‍  പരാതി തീര്‍പ്പാക്കി. തെലങ്കാനയിലാണ്  സംഭവം. അബ്ദുല്‍ ഹസീം ഐ.എ.എസ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഉന്നത ഉദ്യോഗസ്ഥന്‍. കേരളത്തിലേത് പോലെയല്ല, യുപിയിലും തെലങ്കാനയിലും മറ്റും ഐ.എ.എസുകാര്‍ക്ക് ഇത്തരം തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്‍പിക്കാന്‍ അധികാരമുണ്ട്. 
'ഇന്ത്യയില്‍ ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു'എന്ന് പറഞ്ഞ് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവാണ് സംഭവം വിശദീകരിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റുപടിക്കുകയായിരുന്നു. കോടതിക്ക് മുന്‍പിലെത്തിയെങ്കിലും മുകളിലേക്ക് കയറാനാകാതെ പ്രായത്തിന്റെതായ അവശതകള്‍ കാരണം വൃദ്ധ നിലത്തിരുന്ന് പോയി.
ക്ലര്‍ക്ക് പറഞ്ഞ് വിവരമറിഞ്ഞ കലക്ടര്‍  അബ്ദുല്‍ ഹസീം ഒട്ടും താമസിക്കാതെ ഫയലുകളുമായി താഴെ ഇറങ്ങിവന്ന് വൃദ്ധയ്ക്ക് സമീപം നിലത്തിരുന്നു. പെന്‍ഷന്‍ മുടങ്ങിപ്പോയതിനെതിരെയാണ് വൃദ്ധ കോടതിയെ സമീപിച്ചത്. രണ്ട് വര്‍ഷമായുള്ള പ്രശ്‌നം തീര്‍പ്പാക്കുകയും ചെയ്തു.
കേരളത്തില്‍ കാന്‍സര്‍ ബാധിതനായി അവശ നിലയിലായ ആളെ മുകളിലെ നിലയിലെത്തിക്കാന്‍ വാശിപിടിച്ച രജിസ്ട്രാറുടെ നടപടി അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ഒടുവില്‍ ആളുകള്‍ എടുത്തുകൊണ്ടുപോയി രജിസ്ട്രാറുടെ മുന്നിലെത്തിക്കുകയായിരുന്നു. വിവാദമായതോടെ ഈ രജിസ്ട്രാരെ സംസ്‌പെന്റ ചെയ്തിരുന്നു.

Latest News