ന്യൂദല്‍ഹി- ചൈനയില്‍ നിന്ന് പിന്‍വാങ്ങി ഇന്ത്യയിലേക്കു കൂടുമാറുന്ന ജാപനീസ് കമ്പനികള്‍ക്ക് ജപാന്‍ സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. ഈ സബ്‌സിഡി സഹായത്തിന് അര്‍ഹമായ ആസിയാന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയേയും ബംഗ്ലദേശിനേയും ജപാന്റെ സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രാലം ഉള്‍പ്പെടുത്തി. ഇന്ത്യ-ജപാന്‍ ഉച്ചകോടി അടുത്തയാഴ്ച നടക്കാനിരിക്കെയാണിത്. ഉല്‍പ്പാദന, വിതരണ രംഗത്ത് കൂടുതല്‍ സഹകരണങ്ങള്‍ക്കായി ജപാനും ഇന്ത്യയും ഓസ്‌ട്രേലിയയും കൈകോര്‍ക്കാന്‍ തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് ജപാന്റെ സബ്‌സിഡി പ്രഖ്യാപനം.
ഇന്ത്യ-ജപാന്‍ ഉച്ചകോടിയുടെ ഭാഗമായി സെപ്തംബര്‍ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജപാന്റെ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷിന്‍സോ ആബെയും വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തും. ഏറ്റെടുക്കലുകള്‍, പരസ്പര സേവന കൈമാറ്റ കാരാര്‍ ഈ ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ജൂണില്‍ ഓസ്‌ട്രേലിയയുമായി ഇന്ത്യ സമാന കരാര്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയും ജപ്പാനും ചൈനയുമായി വ്യസ്യസ്ത തര്‍ക്കങ്ങളില്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഈ ഉച്ചകോടിക്ക് പ്രാധാന്യമുണ്ട്.