ഇന്ത്യ-ചൈന തര്‍ക്കത്തില്‍ ഇടപെടാമെന്ന് ട്രംപ് വീണ്ടും

വാഷിംഗ്ടണ്‍- ഇന്ത്യയും ചൈനയും തമ്മില്‍ തുടരുന്ന അതിര്‍ത്തി തര്‍ക്കം പുറമെ അറിയുന്നതിനേക്കാള്‍ മോശം അവസ്ഥയിലാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
പ്രശ്‌ന പരിഹാരത്തിനായി ഇരുരാജ്യങ്ങളേയും സഹായിക്കാന്‍ അമേരിക്ക സന്നദ്ധമാണെന്ന് ട്രംപ് വ്യക്തമാക്കി.
പ്രശ്‌ന പരിഹാരത്തിനായി വിഷയത്തില്‍ ഇടപെടാനും സഹായിക്കാനും ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. സാഹചര്യത്തെക്കുറിച്ച് ഇരുരാജ്യങ്ങളുമായി സംസാരിച്ചു വരികയാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലെ പതിവ് വാര്‍ത്താ സമ്മേളനത്തിനിടെയാണ് ട്രംപിന്റെ പ്രതികരണം. ചൈന ഇന്ത്യയെ സംഘര്‍ഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന ചോദ്യത്തിന് അങ്ങനെയുണ്ടാവില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെങ്കിലും അതിലേക്ക് കാര്യങ്ങള്‍ പോകാനാണ് സാധ്യതയെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ-ചൈന പ്രശ്‌നത്തില്‍ ഇടപെടാന്‍ ട്രംപ് ഇതിനു മുമ്പും സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇരുരാജ്യങ്ങളും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.
അതിനിടെ, സേനാ പിന്‍മാറ്റത്തിനുള്ള ധാരണ പാലിക്കാന്‍ ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ നേരത്തേയുള്ള സ്ഥിതി പുന:സ്ഥാപിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെന്‍ഗെയുമായി മോസ്‌കോയില്‍ നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.  
ഷാങ്ഹായ് സഹകരണ സംഘത്തിന്റെ സമ്മേളനത്തിനിടെ ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധമന്ത്രിമാര്‍ മോസ്‌കോയില്‍ നടത്തിയ രണ്ട് മണിക്കൂര്‍ 20 മിനിറ്റ് നീണ്ടുനിന്ന ചര്‍ച്ചയിലാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. ഭിന്നതകള്‍ അവസാനിപ്പിക്കാന്‍ ചൈനയാണ് ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ചത്. ഇരു രാജ്യങ്ങളുടെയും ബ്രിഗേഡ് കമാന്‍ഡര്‍ തല ചര്‍ച്ച തുടരും. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച ധാരണയാകാതെ പിരിയുകയായിരുന്നു. വിദേശകാര്യമന്ത്രിമാര്‍ ഈ മാസം 10 ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

 

Latest News