മുംബൈ- നടി റിയ ചക്രബർത്തിയുടെ സഹോദരൻ ഷൗവിക്കും ആത്മഹത്യ ചെയ്ത നടന്‍ സുശാന്ത് സിംഗിൻറെ മാനേജർ സാമുവൽ മിറാൻറയും ലഹരിക്കടത്ത് കേസിൽ അറസ്റ്റിൽ. ഇരുവരെയും പത്ത് മണിക്കൂറോളം ചോദ്യം ചെയ്തതിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ഇവരുടെ വീട് പരിശോധിച്ചിരുന്നു.
ബംഗളൂരു മയക്കുമരുന്ന് കേസിൽ കന്നഡ നടി രാഗിണി ദ്വിവേദിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഷൗവിക്കും മിറാൻറയും അറസ്റ്റിലായിരിക്കുന്നത്.
ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് രാഗിണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മയക്കുമരുന്ന് കടത്ത് സംഘവുമായി രാഗിണിക്ക് ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്ന് നടിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു നടിയുടെ മറുപടി.
തുടർന്ന് വീട്ടിൽ പരിശോധന നടത്തിയശേഷം ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ച നടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.






