റിയാദ് - കാൻസൽ ചെയ്ത ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യുന്നതിന് 45 ദിവസം വരെ എടുക്കുമെന്ന് സൗദി അറേബ്യൻ എയർലൈൻസ് വെളിപ്പെടുത്തി. ടിക്കറ്റ് കാൻസൽ ചെയ്‌തെങ്കിലും ഇതുവരെ പണം തിരികെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് അറിയിച്ച് ഉപയോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് സൗദിയ ഇക്കാര്യം വ്യക്തമാക്കിയത്. സൗദി പെയ്‌മെന്റ് സംവിധാനമായ സദാദ് വഴി പണമടച്ച് വാങ്ങിയ ടിക്കറ്റുകൾ റദ്ദാക്കിയാൽ ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കാൻ മൂന്നു മുതൽ ഇരുപത്തിയൊന്നു ദിവസം വരെയെടുക്കും. ക്രെഡിറ്റ് കാർഡുകൾ വഴിയാണ് ടിക്കറ്റ് നിരക്ക് അടച്ചതെങ്കിൽ റീഫണ്ടിന് 45 ദിവസം എടുക്കുമെന്നും സൗദിയ വ്യക്തമാക്കി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ അന്താരാഷ്ട്ര സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്ന പക്ഷം അതേ കുറിച്ച് ഔദ്യോഗികമായി പരസ്യപ്പെടുത്തുമെന്നും സൗദിയ പറഞ്ഞു. ആഭ്യന്തര സർവീസുകൾ സൗദിയ തുടരുന്നുണ്ട്.