Sorry, you need to enable JavaScript to visit this website.

ഇന്ത്യ-ചൈന യുദ്ധം കൊതിച്ച് ട്രംപ് 

വാഷിംഗ്ടണ്‍-ചൈനയുമായി ഇന്ത്യ യുദ്ധം ചെയ്യണമെന്ന് ഏറ്റവും കൂടുതല്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പിന്നോക്കം പോയ ഡൊണാള്‍ഡ് ട്രംപിന്റെ നിലനില്‍പ്പിന്റെ ആവശ്യം കൂടിയാണത്. ഇന്ത്യ - ചൈന യുദ്ധമുണ്ടായാല്‍ ഇടപെടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ സകല നീക്കങ്ങളും. കോവിഡ്, വംശീയ കൊലപാതകങ്ങള്‍ എന്നിവ കൈകാര്യം ചെയ്ത രീതിയ്‌ക്കെതിരെ ഉയരുന്ന പ്രതിഷേധം മറികടക്കാന്‍ കൂടിയാണ് ഈ നീക്കം. ചൈനീസ് കടലിടുക്കില്‍ ഇപ്പോള്‍ തന്നെ അമേരിക്കന്‍ സേനയുടെ സാന്നിധ്യം ശക്തമാണ്. ഇനി ഇടപെടാന്‍ ഒരു പ്രധാന കാരണമാണ് വേണ്ടത്. ഒപ്പം ഈ മേഖലയിലെ പ്രധാന ശക്തിയുടെ പിന്തുണയും അനിവാര്യമാണ്. അതാണ് ഇന്ത്യയില്‍ ട്രംപ് ഭരണകൂടം കാണുന്നത്. ദുര്‍ബലനായ പ്രസിഡന്റ് എന്നതില്‍ നിന്നും ശക്തനായ ഭരണാധികാരി എന്ന ഇമേജാണ് ട്രംപ് ലക്ഷ്യമിടുന്നത്. ലോക നിലവാരത്തിലുള്ള ഒരു ഇടപെടല്‍ തന്നെയാണ് ലക്ഷ്യം.
ഡെമോക്രാറ്റിക്കുകള്‍ അധികാരത്തില്‍ വരുന്നതിനേക്കാള്‍ റഷ്യ പോലും ആഗ്രഹിക്കുന്നതും ട്രംപ് അധികാരത്തില്‍ വരുന്നതിനെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിനായി റഷ്യന്‍ ചാരസംഘടന ഇടപെട്ടിരുന്നു എന്ന് സി.ഐ.എ തന്നെ കണ്ടെത്തിയിരുന്നു. ഇത്തരമൊരു ഇടപെടല്‍ ഇത്തവണ ഉണ്ടാകാതിരിക്കാന്‍ വലിയ ജാഗ്രതയാണ് ഡെമോക്രാറ്റിക് ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. 
ട്രംപിന്റെ എതിരാളി ജോര്‍ജ് ബൈഡന്‍ ഇപ്പോള്‍ തന്നെ മുന്നിലാണ്. ഇന്ത്യന്‍ വംശജരുടെ വോട്ടുകള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വംശജ കമല ഹാരിസിനെ വൈസ് പ്രസിഡന്റാക്കിയ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നടപടിയും ട്രംപിന് തിരിച്ചടിയായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ഹൂസ്റ്റണിലും അഹമ്മദാബാദിലും ട്രംപ് നടത്തിയ റാലികളെ അപ്രസക്തമാക്കുന്ന നിലപാടായിരുന്നു ഇത്. ട്രംപ് പരാജയപ്പെട്ടാല്‍ അത് ഇനി മോഡിയുടെ പരാജയമായി കൂടി മാറും. 
അതിര്‍ത്തിയില്‍ ശക്തമായ നിലപാടുമായാണ് ഇന്ത്യയിപ്പോള്‍ മുന്നോട്ട് പോകുന്നത്. കര, നാവിക സേനകളുടെ മേധാവികള്‍ അരുണാചല്‍ പ്രദേശിലും സിക്കിമിലും നടത്തിയ സന്ദര്‍ശനത്തെ ഗൗരവത്തോടെയാണ് ചൈനയും നോക്കി കാണുന്നത്. ചര്‍ച്ചക്ക് തയ്യാറെന്ന് ചൈനയുടെ പ്രതിരോധ മന്ത്രി തന്നെ വ്യക്തമാക്കിയത് അപകടം മുന്നില്‍ കണ്ടാണ്. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം എന്നതിലുപരി ഒരു യുദ്ധം ചൈനയും നിലവില്‍ ആഗ്രഹിക്കുന്നില്ല. ട്രംപ് ഭരണകൂടം അത് മുതലെടുക്കുമെന്ന് കണ്ടാണ് ഈ തന്ത്രപരമായ നിലപാട്.
 

Latest News