ന്യൂദല്‍ഹി- സി.ബി.എസ്.ഇ 10, 12 ക്ലാസുകള്‍ക്കുള്ള കമ്പാര്‍ട്ട്‌മെന്റ് പരീക്ഷകള്‍ ഈ മാസം 22 മുതല്‍ 29 വരെ നടത്തുമെന്ന് ബോര്‍ഡ് അറിയിച്ചു. കോവിഡ് കണക്കിലെടുത്ത് പരിശോധകര്‍ ഫെയ്‌സ് മാസ്‌കുകള്‍ ധരിക്കുമെന്നും ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.
രണ്ട് ക്ലാസുകളിലെയും കമ്പാര്‍ട്ട്‌മെന്റ് പരീക്ഷ സെപ്റ്റംബര്‍ 22 ന് ആരംഭിച്ച് സെപ്റ്റംബര്‍ 29 ന് സമാപിക്കും. എല്ലാ പരീക്ഷാര്‍ഥികളും സുതാര്യമായ കുപ്പികളില്‍ സാനിറ്റൈസര്‍ കരുതണം. സ്വന്തം വാട്ടര്‍ ബോട്ടിലുകള്‍ കൊണ്ടുവരികയും മാസ്‌ക് ഉപയോഗിച്ചോ തുണി ഉപയോഗിച്ചോ വായയും മൂക്കും മൂടുകയും വേണമെന്ന് സി.ബി.എസ്.ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് പരീക്ഷാ ഷെഡ്യൂള്‍ വിശദീകരിക്കുന്ന വിജ്ഞാപനത്തില്‍ പറഞ്ഞു.
കാവിഡ് കണക്കിലെടുത്ത് പന്ത്രണ്ടാം ക്ലാസിലേക്കുള്ള കമ്പാര്‍ട്ട്‌മെന്റ് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സി.ബി.എസ്.ഇ ഇന്നലെ എതിര്‍ത്തിരുന്നു. കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ഥികളെ കോവിഡ് ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. കേസ് സെപ്റ്റംബര്‍ 10 ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.