ബലാല്‍സംഗ കേസ് പ്രതിയായ യുപി മുന്‍ മന്ത്രിക്ക് ജാമ്യം

ലഖ്‌നൗ- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറു പേര്‍ക്കൊപ്പം ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ യുപി മുന്‍ മന്ത്രി ഗായത്രി പ്രജാപതിക്ക് ഹൈക്കോടതി രണ്ടു മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ചിത്രകൂട് സ്വദേശിയായ യുവതിയുടെ പരാതിയില്‍ 2017ലാണ് പ്രജാപതി അറസ്റ്റിലായത്. പ്രജാപതിയും അദ്ദേഹത്തിന്റെ ആറു സഹായികളും ചേര്‍ന്ന് തന്നെ കൂട്ടബലാല്‍സംഗത്തിനിരയാക്കി എന്നും മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി. പ്രജാപതി മന്ത്രിയായിരിക്കെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു ഈ സംഭവമെന്നും യുവതി പരാതിപ്പെട്ടിരുന്നു. മുന്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരില്‍ ഖനന വകുപ്പു മന്ത്രിയായിരുന്നു പ്രജാപതി.

പ്രതിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുന്നതെന്ന് കോടതി അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലിക്കെ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രജാപതി ചികിത്സകള്‍ക്കു വിധേയനായിരുന്നു. ജാമ്യം കാലയളവില്‍ രാജ്യം വിട്ടു പോകരുതെന്നും കേസ് നടപടകിള്‍ക്ക് തടസ്സം സൃഷ്ടിക്കില്ലെന്നു ഉറപ്പു നല്‍കണമെന്നും പ്രജാപതിയോട് കോടതി ആവശ്യപ്പെട്ടു. പാസ്‌പോര്‍ട്ട് ജയില്‍ സുപ്രണ്ടിന് സമര്‍പ്പിക്കണമെന്നും ആവശ്യം വരുമ്പോള്‍ ബന്ധപ്പെടാവുന്ന നമ്പര്‍ നല്‍കണമെന്നും ജാമ്യ ഉത്തരവില്‍ കോടതി പറഞ്ഞു.
 

Latest News