പ്രിയങ്കയുടെ നിര്‍ദേശപ്രകാരം കഫീല്‍ഖാന്‍ രാജസ്ഥാനിലേക്ക് താമസം മാറ്റി

ജയ്പുര്‍- യു.പി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിനെ തുടര്‍ന്ന് കോടതി ഇടപെട്ട് മോചിപ്പിച്ച ഡോ.കഫീല്‍ ഖാന്‍ കുടുംബത്തോടൊപ്പം രാജസ്ഥാനിലെത്തി. അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കഫീല്‍ ഖാന്‍ മഥുര ജയിലില്‍ നിന്ന് മോചിതനായത്.  കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമാണ് താന്‍ രാജസ്ഥാനിലേക്ക് താമസം മാറിയതെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു.
തനിക്കെതിരായ കേസ് കോടതി ഒഴിവാക്കിയിട്ടുണ്ടെങ്കിലും യോഗി സര്‍ക്കാര്‍ വീണ്ടും കേസുകള്‍ ചാര്‍ത്തി തന്നെ തടങ്കലിലാക്കുമെന്ന ഭയത്താലാണ് ജന്മദേശമായ ഗോരഖ്പൂരില്‍ നിന്ന് ജയ്പൂരിലേക്ക് വന്നതെന്ന് പത്ര സമ്മേളനത്തില്‍ കഫീല്‍ ഖാന്‍ പറഞ്ഞു.

പ്രിയങ്ക ഗാന്ധി തെന്നെ വിളിച്ച് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ ഉപദേശിച്ചുവെന്നും ഞങ്ങള്‍ നിങ്ങള്‍ക്ക് സുരക്ഷിതമായ സ്ഥലം നല്‍കാമെന്ന് പറഞ്ഞതായും കഫീല്‍ ഖാന്‍ വെളിപ്പെടുത്തി.
യു.പി സര്‍ക്കാര്‍ ഇനിയും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചേക്കാമെന്നും അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നുമാണ് പ്രിയങ്ക പറഞ്ഞത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരായതിനാല്‍ ഇവിടെ സുരക്ഷിതമായിരിക്കുമെന്നാണ് കരുതുന്നത്. എന്റെ കുടുംബത്തിനും ഇവിടെ താമസിക്കുന്നതാണ് സുരക്ഷിതമെന്ന് തോന്നുന്നു. ഏഴര മാസത്തോളം താന്‍ ഒരുപാട് മാനസിക,ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കുമെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. കൊറോണവൈറസ് പ്രതിസന്ധി ഘട്ടത്തില്‍ താന്‍ സേവനമനുഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News