അമ്മാന്‍- കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന അന്താരാഷ്ട്ര വിമാനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ജോര്‍ദാന്‍. കോവിഡ് സാധ്യതയുള്ള യാത്രക്കാരെ മാറ്റിനിര്‍ത്തുന്നതിന് ത്രിതല സംവിധാനം ഏര്‍പ്പെടത്തിയാണ് അയടുത്തയാഴ്ച സര്‍വീസ് പുനരാരംഭിക്കുന്നത്.
പുറപ്പെടുന്നതിനു 72 മണിക്കൂര്‍ മുമ്പ് എല്ലാ യാത്രക്കാരും കോവിഡ് പരിശോധന നടത്തിയിരിക്കണമെന്ന നിബന്ധനക്കു പുറമെ ജോര്‍ദാന്‍ എയര്‍പോര്‍ട്ടുകളിലെത്തിയാലും പരിശോധന നടത്തും.
പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍നിന്നുള്ളവരുടെ കോവിഡ് പരിശോധന നെഗറ്റീവാണെങ്കില്‍ ക്വാറന്റൈന്‍ ആവശ്യമുണ്ടാവില്ല. എന്നാല്‍ മഞ്ഞ, ചുകപ്പ് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ ഏഴു ദിവസത്തെ നിര്‍ബന്ധ ക്വാറന്റൈനു പുറമെ, ഏഴു ദിവസം വീടുകളിലും ക്വാറന്റൈനില്‍ കഴിയണം. ചുകപ്പ് വിഭാഗം രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ വീട്ടു നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ അവരെ നിരീക്ഷിക്കുന്നതിനുള്ള ട്രാക്കിംഗ് വളകള്‍ അണിയുകയുംവേണം.
മേഖലയില്‍ ഏറ്റവും കുറവ് കോവിഡ് ബാധിതരുള്ള രാജ്യങ്ങളിലൊന്നാണ് ഒരു കോടിയോളം ജനസംഖ്യയുള്ള ജോര്‍ദാന്‍. 2161 കോവിഡ് സ്ഥിരീകരിച്ച രാജ്യത്ത് 15 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ഈ മാസം ഒന്നുമുതല്‍ വിദ്യാലയങ്ങള്‍ തുറന്നിട്ടുണ്ട്. അഞ്ച് മാസത്തെ ഇടവേളക്കുശേഷമാണ് 20 ലക്ഷത്തോളം കുട്ടികള്‍ വിദ്യാലയങ്ങളിലെത്തിയത്. കോവിഡ് വ്യാപന ഭീതിയുള്ള ചില സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ തുറന്നിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. തലസ്ഥാനമായ അമ്മാനിലേയും പ്രാന്തപ്രദേശങ്ങളിലേയും ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള നിരവധി സ്‌കൂളുകള്‍ അടഞ്ഞുകിടപ്പാണ്. 30 ലക്ഷം ജനങ്ങളുള്ള തലസ്ഥാനത്ത് കോവിഡ് കേസുകള്‍ ഇരട്ടിയായി വര്‍ധിച്ചിരുന്നു.