മദീന - സൗദി മെയിൽ നഴ്‌സ് മുഹമ്മദ് ആയിദ് അൽഉതൈബി (49) കൊറോണ പിടിപെട്ട് ഉഹദ് ആശുപത്രിയിൽ മരിച്ചു. ആശുപത്രിയിൽ ഡ്യൂട്ടിക്കിടെയാണ് ഇദ്ദേഹത്തിന് കൊറോണ ബാധിച്ചതെന്ന് മുഹമ്മദിന്റെ സഹോദരൻ അവദ് ആയിദ് അൽഉതൈബി പറഞ്ഞു.
കൊറോണ രോഗികളുടെ പരിചരണ, ചികിത്സാ ദൗത്യം പൂർത്തിയായ ശേഷമാണ് സഹോദരനിൽ കൊറോണ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടത്. ആദ്യ തവണ നടത്തിയ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. മൂന്നു ദിവസത്തിനു ശേഷം ലക്ഷണങ്ങൾ മൂർഛിക്കുകയും കടുത്ത ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. ഇതോടെ വീണ്ടും പരിശോധന നടത്തി. രണ്ടാമത്തെ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു.
ഇതോടെ നാലു ദിവസം സ്വയം ഐസൊലേഷൻ പാലിച്ചു. ആരോഗ്യനില വഷളായതോടെ ഉഹദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. വിട്ടുമാറാത്ത രോഗങ്ങളൊന്നും സഹോദരനുണ്ടായിരുന്നില്ല. സോഷ്യോളജിയിൽ മാസ്റ്റർ ബിരുദം നേടിയ സഹോദരൻ ഡോക്ടറേറ്റ് നേടുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. സഹോദരന്റെ പതിനെട്ടുകാരനായ മകൻ ആയിദ് നേരത്തെ വാഹനാപകടത്തിൽ മരിച്ചിരുന്നു. സഹോദരന് പതിനെട്ടുകാരിയായ മകളും അഞ്ചു മാസം പ്രായമായ പിഞ്ചു കുഞ്ഞുമുണ്ടെന്ന് അവദ് പറഞ്ഞു.
മദീന ഉഹദ് ആശുപത്രിയിൽ കൊറോണ ബാധിച്ച് മരണപ്പെടുന്ന മൂന്നാമത്തെ നഴ്‌സാണ് മുഹമ്മദ് ആയിദ് അൽഉതൈബി. സൗദി നഴ്‌സ് നജൂം അൽഖൈബരിയും ഫിലിപ്പിനോ നഴ്‌സ് മെർലിൻ സബ്ദാനിയും നേരത്തെ മരിച്ചിരുന്നു.