Sorry, you need to enable JavaScript to visit this website.

ആയിരം കോവിഡ് ബാധിതർക്ക് വീട്ടിൽ ചികിത്സ;  കേരളത്തിന് മാതൃകയായി കാസർകോട്‌


കാസർകോട് - സർക്കാർ നിർദേശം പ്രാവർത്തികമാക്കി ആയിരം കോവിഡ് രോഗികളെ വീടുകളിൽ ചികിൽസിച്ച് സംസ്ഥാനത്തിന് മാതൃകയാവുകയാണ് കാസർകോട്.
കോവിഡ് വ്യാപനം അതിതീവ്രമായി തുടരുകയും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ രോഗികളുടെ എണ്ണം വർധിച്ചു വരികയും ചെയ്ത സാഹചര്യം ഉണ്ടായപ്പോഴാണ് രോഗലക്ഷണങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാത്ത കോവിഡ് സ്ഥിരീകരിച്ചവരെ അവരുടെ വീടുകളിൽ തന്നെ നിർത്തി ചികിത്സ നൽകുന്ന രീതി അവലംബിക്കാൻ സർക്കാർതീരുമാനിച്ചത്. ഈ തീരുമാനം ആദ്യമായി നടപ്പിലാക്കി മാതൃകയായത് വടക്കൻ ജില്ലയാണ്.കൃത്യമായ ആസൂത്രണം മുൻകൂട്ടി നടത്തിയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഈ പ്രവർത്തനം ആരംഭിച്ചത്.

 

താഴേത്തട്ടിലുള്ളആരോഗ്യ സംവിധാനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വാർഡുതല ജാഗ്രതാ സമിതികളേയും കോർത്തിണക്കിയാണ് ജില്ലാതലത്തിൽ ഏകോപനം നടത്തുന്നത്. കോവിഡ് പോസിറ്റീവ് രോഗികളുടെ ലിസ്റ്റ് അതാത് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൈമാറുകയും രോഗികളുമായി ആരോഗ്യ പ്രവർത്തകർ നേരിട്ട് സംസാരിച്ചു ലക്ഷണങ്ങൾ ഇല്ലാത്തവരാണെങ്കിൽ വീടുകളിൽ ഐസൊലേഷൻ സൗകര്യം ഉണ്ടെന്ന് ജാഗ്രതാ സമിതികൾ ഉറപ്പു വരുത്തിയതിന് ശേഷമാണ് ഡി എം ഒയുടെഅനുമതിയോടെവീടുകളിൽ ചികിത്സ നടത്തുന്നത്. ആരോഗ്യ പ്രവർത്തകർ എല്ലാ ദിവസവും ഇവരെനിരീക്ഷിക്കുകയും റിപ്പോർട്ട് മെഡിക്കൽ ഓഫീസർമാർക്ക് കൈമാറുകയും ചെയ്യും. ചികിത്സയിലുള്ളവരുടെ അന്വേഷണത്തിന് മാത്രമായി ജില്ലാ കൺട്രോൾ സെല്ലിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ അടങ്ങിയ ടീമിന് പ്രത്യേക പരിശീലനം നൽകി നിയമിച്ചു.രോഗികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സമ്മർദം ലഘൂകരിക്കുന്നതിനും ജില്ലാ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൗൺസലിങ് സേവനവും നൽകുന്നുണ്ട്. രോഗികളുടെ രക്തത്തിലെ ഓക്‌സിജൻ അളവ്, പൾസ് റേറ്റ് എന്നിവ സ്വയം നിരീക്ഷിക്കാൻ ആവശ്യമായ പൾസ് ഓക്‌സിമീറ്റർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാങ്ങി വിതരണം ചെയ്യുകയും ഇതിന്റെ റീഡിങ് പരിശോധിക്കാൻ രോഗികളെ പഠിപ്പിക്കുകയും ചെയ്തു.റീഡിങ് വ്യത്യാസം വന്നാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം.

 

പ്രശ്‌നങ്ങൾ ഉള്ളവരെ മറ്റു കോവിഡ് ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. രോഗലക്ഷണങ്ങൾ കൂടിയാൽ ജില്ലാ ജനറൽ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകും.1006 പേർ ഇതുവരെവീടുകളിൽ ചികിത്സ തേടി. ഇതിൽ 311 പേർ രോഗവിമുക്തി നേടി എന്നത്ശ്രദ്ധേയമാണ്.  അജാനൂർ, ചെമ്മനാട്, പള്ളിക്കര ഗ്രാമ പഞ്ചായത്തുകൾ , കാഞ്ഞങ്ങാട് നീലേശ്വരം നഗരസഭകൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഇപ്പോൾ വീടുകളിൽ ചികിത്സയിലുള്ളത്. ലക്ഷണമില്ലാത്ത രോഗികളെ വീട്ടിൽ കിടത്തി ചികിത്സിക്കുക എന്ന ദൗത്യം സംസ്ഥാനത്ത് ആദ്യമായി ഏറ്റെടുക്കാനുള്ള ആത്മവിശ്വാസവും ധൈര്യവും ഉണ്ടായത് കോവിഡിനെതിരായ പോരാട്ടത്തിൽ കഴിഞ്ഞ ആറു മാസത്തിലധികമായി ജില്ലയിലെ ആരോഗ്യ സംവിധാനത്തിന് ലഭിക്കുന്ന ജനകീയ പിന്തുണ തന്നെയാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
ജാഗ്രതാ സമിതികളുടെ കൃത്യമായ നിരീക്ഷണം ഉറപ്പു വരുത്തുന്നതിലൂടെയും വിവിധ വകുപ്പുകളുടെ കൂട്ടായ്മയിലൂടെയും ഈ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി. രാംദാസ് പറഞ്ഞു. 

 

Latest News