Sorry, you need to enable JavaScript to visit this website.

ഇന്റർനെറ്റിന്റെ ഭാവി; ഗവേഷണത്തിന് സഹായവുമായി ഫൗണ്ടേഷൻ 

ഇന്റർനെറ്റിന്റെ ഭാവി, സുസ്ഥിരത എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങളെ പിന്തുണക്കുന്നതിന് ഗ്രാന്റ് അനുവദിക്കുന്ന പദ്ധതിയുമായി  ഇന്റർനെറ്റ് സൊസൈറ്റി ഫൗണ്ടേഷൻ.  
ലോകമെമ്പാടുമുള്ള സ്വതന്ത്ര ഗവേഷകർക്കും ഗവേഷണ സ്ഥാപനങ്ങൾക്കുമായി  രണ്ട് വർഷം വരെ നീണ്ടുനിൽക്കുന്ന ഗവേഷണത്തിനായി രണ്ടു ലക്ഷം യു.എസ് ഡോളർ വരെ ഗ്രാന്റുകൾ നൽകുന്നതാണ് പദ്ധതി.  ഇന്റർനെറ്റ് ഗ്രീനിംഗ്, ഇന്റർനെറ്റ് ഇക്കോണമി എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിക്കുന്നതാണ്  2021 ൽ ആരംഭിക്കുന്ന ഗവേഷണ പദ്ധതി. വിശ്വസിക്കാവുന്ന ഇന്റർനെറ്റും ഡിജിറ്റൽ വികാസവും വിഭജനവും ഇതിൽ ഉൾപ്പെടും. 
ഇന്റർനെറ്റിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിൽ അക്കാദമിക് ഗവേഷണം നിർണായകമാണ്. ഇന്റർനെറ്റിന്റെ നേട്ടങ്ങളെയും അപകടസാധ്യതകളെയും കുറിച്ചുള്ള നമ്മുടെ ധാരണക്കു പുറമെ, സമൂഹത്തിൽ അവബോധം വർധിപ്പിക്കേണ്ടതുണ്ടെന്നും   ഇന്റർനെറ്റ് സൊസൈറ്റി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സാറാ ആംസ്‌ട്രോംഗ് പറഞ്ഞു. 


ഇന്റർനെറ്റുമായി ബന്ധപ്പെട്ട വെല്ലുവിളികൾക്ക് പുതിയ പരിഹാരങ്ങൾ സൃഷ്ടിക്കുന്ന ഒരു കൂട്ടം ഗവേഷകരെ തിരിച്ചറിയാനും പിന്തുണയ്ക്കാനും ഗ്രാന്റ് അനുവദിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അവർ പറഞ്ഞു. ഗവേഷകരിൽനിന്ന് താൽപര്യമുള്ള വിഷയങ്ങൾ സെപ്റ്റംബർ ഒന്നുമുതൽ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനുശേഷം പൂർണ നിർദ്ദേശങ്ങൾ സ്വീകരിക്കും.  പ്രായോഗികമായതും സ്വതന്ത്രവുമായി  ഗവേഷണത്തിനാണ് ഗ്രാന്റ് നൽകുന്നത്. പ്രസിദ്ധീകരിക്കുന്ന ഇവ  ശാസ്ത്ര സമൂഹത്തിന് സൗജന്യമായി ലഭ്യമാക്കും. 
2019 ലാണ് ഇന്റർനെറ്റ് സൊസൈറ്റി ഫൗണ്ടേഷൻ സ്ഥാപിതമായത്. ഇന്റർനെറ്റ് വഴി ലോകത്ത് എല്ലായിടത്തുമുള്ള ആളുകളുടെ ജീവിതത്തെ സമ്പന്നമാക്കുന്നതിനുള്ള ഗവേഷണത്തേയും പഠനങ്ങളേയുമാണ് ഫൗണ്ടേഷൻ പ്രോത്സാഹിപ്പിക്കുന്നത്. 


സമൂഹത്തിൽ നന്മയ്ക്കുള്ള ശക്തിയായും ഇന്റർനെറ്റിന്റെ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നു.  എല്ലാവർക്കുമായി തുറന്നതും ആഗോളതലത്തിൽ ബന്ധിപ്പിച്ചിരിക്കുന്നതും സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റിലേക്ക് പ്രവേശിക്കാൻ കഴിയുകയെന്നതാണ് ലക്ഷ്യം. ഇതിനായി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കും ഇന്റർനെറ്റ് സൊസൈറ്റി ചാപ്റ്ററുകൾക്കും ഫൗണ്ടേഷൻ സഹായവും അവാർഡുകളും നൽകുന്നു.

 

Latest News