ആപ്പുകള്‍ നിരോധിച്ചതില്‍ കടുത്ത എതിര്‍പ്പ്, ഇന്ത്യ തെറ്റ് തിരുത്തണമെന്ന് ചൈന

ബെയ്ജിങ്- ചൈനീസ് ബന്ധമുള്ള 59 സ്മാര്‍ട്‌ഫോണ്‍ അപ്ലിക്കേഷനുകള്‍ നിരോധിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം 118 ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടിയില്‍ കടുത്ത എതിര്‍ിപ്പ് അറിയിച്ച് ചൈന. ഇന്ത്യയുടെ ഈ നീക്കം ചൈനീസ് നിക്ഷേപകരുടേയും സേവനദാതാക്കളുടേയും നിയമ താല്‍പര്യങ്ങള്‍ ലംഘിക്കുന്നതാണെന്നും ഇന്ത്യ തെറ്റ് തിരുത്തണമെന്നും ചൈനയുടെ വാണിജ്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഡേറ്റാ സുരക്ഷയും രാജ്യരക്ഷയും മുന്‍നിര്‍ത്തി ജനപ്രിയ വിഡിയോഗെയിം പബ്ജി അടക്കം 118 ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ചത്. ഇക്കൂട്ടത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനക്കാരായ ഷവോമിയുടെ ഷെയര്‍സേവ് എന്ന ആപ്പും ഉള്‍പ്പെടും. അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം ഉണ്ടായതിനു പിന്നാലെയാണ് ഈ വിലക്ക്. ഈ ആപ്പുകള്‍ രഹസ്യമായി ഡേറ്റ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിലുണ്ട്.

വിലക്കപ്പെട്ട പബ്ജി ആപ്പിന് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ്. 17.5 കോടിയാണ് ഇന്ത്യയില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവരുടെ എണ്ണം. ലോകത്തൊട്ടാകെയുള്ള പബ്ജി ഉപയോക്താക്കളുടെ 24 ശതമാനം വരുമിത്.
 

Latest News