Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്ക് പരിഹാരക്രിയ തുടങ്ങി; മുസ്‌ലിം വിരുദ്ധത പ്രചരിപ്പിച്ച ബിജെപി എംഎല്‍എയുടെ അക്കൗണ്ട് പൂട്ടി

ഹൈദരാബാദ്- ഇന്ത്യയില്‍ വര്‍ഗീയ വിദ്വേഷ പ്രചരണത്തിന് ഫേസ്ബുക്ക് രഹസ്യമായി ബിജെപിക്ക് സഹായം നല്‍കുന്നുവെന്ന അമേരിക്കന്‍ മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെ ഫേസ്ബുക്ക് മുഖംരക്ഷിക്കാന്‍ പരിഹാരക്രിയകള്‍ തുടങ്ങി. വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ടില്‍ ഫേസ്ബുക്കിന്റെ നയവിരുദ്ധ പ്രവര്‍ത്തനത്തിന് ഉദാഹരണമായി എടുത്തു പറഞ്ഞ തെലങ്കാനയിലെ ബിജെപി എംഎല്‍എ ടി രാജ സിങിന്റെ അക്കൗണ്ടിന് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തി. വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പാര്‍ലമെന്റ് സമിതി ഫേസ്ബുക്ക് ഇന്ത്യാ മേധാവി അജിത് മോഹനെ രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെയാണിത്. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പാടില്ലെന്ന ഫേസ്ബുക്കിന്റെ നയം ഫേസ്ബുക്ക് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥ ഇടപെട്ട് ലംഘിക്കുകയും ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചരണങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നുമാണ് ഫേസ്ബുക്ക് നേരിടുന്ന ഗുരുതര ആരോപണം. ഇതേ നയം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ രാജ സിങിന്റെ അക്കൗണ്ടിനെതിരെ നടപടി എടുത്തിരിക്കുന്നതും.

വലതു പക്ഷ തീവ്രവാദത്തെ പിന്താങ്ങുന്ന തരത്തിലുള്ള പോസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഫേസ്ബുക്കിന്റെ നിലപാട് പുതിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. ഫേസ്ബുക്കിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദവും ഉണ്ട്. വോള്‍ സ്ട്രീറ്റ് ജേണലിന്റേയും ടൈം മാഗസിന്റേയും റിപോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ഫേസ്ബുക്ക് ബിജെപിക്കും വലതു പക്ഷ തീവ്രവാദവും മുസ്‌ലിം വിരുദ്ധതയും പ്രചരിപ്പിക്കുന്നവര്‍ക്കും നല്‍കുന്ന പിന്തുണയും വെളിപ്പെട്ടിരുന്നു. ഫേസ്ബുക്കിന്റെ ഇന്ത്യയുടേയും ദക്ഷിണേഷ്യന്‍ മേഖലയുടേയും ചുമതലയുള്ള പബ്ലിക് പോളിസ് ഡയറക്ടര്‍ അംഖി ദാസ് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പു വിജയത്തിനും ഫേസ്ബുക്കിനെ ദുരുപയോഗം ചെയ്തുവെന്ന ഗുരുതര ആരോപണമാണ് നിലവിലുള്ളത്. ഇതു സംബന്ധിച്ച് ശശി തരൂര്‍ എംപി അധ്യക്ഷനായ പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തി വരികയാണ്.

Latest News