Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടു പോയി; എന്‍ഐഎ കേസില്‍ സാക്കിര്‍ നായിക്കും

ചെന്നൈ- ഇന്ത്യന്‍ ബിസിനസുകാരന്റെ മകള്‍ മതം മാറി ലണ്ടനില്‍വെച്ച് ബംഗ്ലാദേശുകാരനായ യുവാവിനെ വിവാഹം ചെയ്ത സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)  ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ ഇസ്ലാമിക പ്രബോധകന്‍ സാക്കിര്‍ നായിക്കിന്‍റെ പേരും


ചെന്നൈ ആസ്ഥാനമായുള്ള ബിസിനസുകാരന്റെ മകളും ബംഗ്ലാദേശിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനുമാണ് വിവാഹിതരായത്.  ഇതു സംബന്ധിച്ച കേസില്‍  സാക്കിര്‍ നായിക്കിനു പുറമെ, പാകിസ്ഥാന്‍ വംശജരായ രണ്ട് മതപ്രബോധകരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രി ഖലീദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയിലെ ഉന്നത നേതാവിന്റെ മകന്‍ നടത്തിയ വിവാഹമാണ് അന്വേഷിക്കുന്നത്.

മലേഷ്യയില്‍നിന്ന് വിട്ടുകിട്ടാന്‍ ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ ആവശ്യപ്പെടുന്ന സാക്കിര്‍ നായിക്കിനെയും യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ വംശജരായ യാസിര്‍ ഖാദി, നുഅ്മാന്‍ അലി ഖാന്‍ എന്നിവരേയും  കേസില്‍ പ്രതികളായി ഉള്‍പ്പെടുത്തിയതായി എന്‍.ഐ.എ പറയുന്നു.

ലണ്ടനില്‍ പഠിക്കുന്ന തന്റെ മകളെ തീവ്രവാദിയാക്കിയെന്നും ഇസ്്‌ലാം മതത്തിലേക്ക് മാറ്റിയെന്നും  പെണ്‍കുട്ടിയുടെ പിതാവ് മെയ് മാസത്തില്‍ ചെന്നൈ സെന്‍ട്രല്‍ െ്രെകംബ്രാഞ്ചില്‍ പരാതി നല്‍കിയിരുന്നു. തന്റെ മകളെ ലണ്ടനില്‍ നിന്ന് ചിലര്‍ ബംഗ്ലാദേശിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇക്കാര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ അന്വേഷണം നടത്തേണ്ടതിനാലാണ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറിയതെന്ന് ചെന്നൈ പോലീസ് കമ്മീഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കെ ഇന്ത്യയില്‍നിന്ന് സുരക്ഷതമായി നാടുവിട്ട കാര്യം സാക്കിര്‍ നായിക്ക് വെളിപ്പെടുത്തുന്ന വീഡിയോ യാസിര്‍ ഖാദി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ബിഎന്‍പി നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ ഷഖാവത്ത് ഹുസൈന്‍ ബകുലിന്റെ മകനായ നഫീസാണ് കേസിലെ പ്രധാന പ്രതി

1991 ലും 2001 ലും ബിഎന്‍പി സ്ഥാനാര്‍ഥിയായി നര്‍സിംഗി 4 ല്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബകുലിനെ 2013 ഡിസംബറില്‍ ഖലീദ സിയയുടെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. 2017 ജൂണില്‍ ഒരു ബിസിനസുകാരന്‍ കൊള്ളയടിച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തത്.

ബംഗ്ലാദേശ് സ്വദേശി ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസ് 2020 മെയ് 28 നാണ് വിവിധ വകുപ്പുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കേസിലെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു കൈമാറുകയും അന്വേഷണം എന്‍.ഐ.എയെ ഏല്‍പിക്കുകയുമായിരുന്നു.

 

 

Latest News