Sorry, you need to enable JavaScript to visit this website.

സുധാകരന്റെ വെല്ലുവിളി, കണ്ണൂർ രാഷ്ട്രീയം ആശങ്കയിൽ

കണ്ണൂർ-വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകത്തെത്തുടർന്ന് മലബാറിൽ കോൺഗ്രസ് ഓഫീസുകൾക്കെതിരെ വ്യാപക അക്രമം നടക്കുന്ന പശ്ചാത്തലത്തിൽ സി.പി.എം നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് കെ.പി സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ. ഇതോടെ നീണ്ട ഇടവേളയ്ക്കു ശേഷം സുധാകരനും സി.പി.എം നേതൃത്വവും നേർക്കുനേർ വരികയാണ്.
തിരുവനന്തപുരം സംഭവത്തിന്റെ മറവിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനം കേട്ട് ഡി.വൈ.എഫ്.ഐക്കാർ ഇനിയും ആയുധമെടുത്ത് ഇറങ്ങിയാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് സുധാകരൻ പരസ്യമായി മുന്നറിയിപ്പ് നൽകിയത്. ഇതിന് തയാറാണെങ്കിൽ, ആണുങ്ങളെപ്പോലെ പരസ്യമായി തയാറാണെന്ന് പറഞ്ഞ് ഇറങ്ങണം. അല്ലാതെ ഇരുട്ടിന്റെ മറവിൽ അക്രമം നടത്തുകയല്ല വേണ്ടത്. ഇനിയും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.


രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കെ.സുധാകരൻ കണ്ണൂരിൽ സി.പിഎമ്മിനെതിരെ പരസ്യ വെല്ലുവിളി ഉയർത്തുന്നത്. എൺപതുകളുടെ പകുതി മുതൽ തൊണ്ണൂറുകളുടെ അവസാനം വരെ കണ്ണൂർ രാഷ്ട്രീയത്തിൽ സുധാകരനും സി.പി.എം നേതൃത്വവും നേർക്കുനേർ പോരാടിയിരുന്നു. ഇതിനിടയിൽ ഇരു ഭാഗങ്ങളിലും ഒട്ടേറെ പ്രവർത്തകരെ നഷ്ടപ്പെട്ടു.  
സി.പി.എം ഭാഗത്ത് പ്രവർത്തകരാണ് നഷ്ടപ്പെട്ടതെങ്കിൽ കോൺഗ്രസ് ഭാഗത്ത് പ്രാദേശിക നേതാക്കൾക്കാണ് ജീവൻ നൽകേണ്ടി വന്നത്. സുധാകരന്റെ ഇടവും വലവും നിന്നിരുന്ന കെ.എസ്.യു നേതാവ് സജിത് ലാൽ മുതൽ ആന്തൂരിലെ ദാസൻ വരെയുള്ളവർ ഈ കാലയളവിൽ കൊല്ലപ്പെട്ടു. 


1987 ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ചീമേനിയിൽ അഞ്ച് സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെ സുധാകരന്റെ സംഘത്തിലുണ്ടായിരുന്നവർ പലരും ഓരോരുത്തരായി കൊല ചെയ്യപ്പെട്ടു. പിന്നീട് 1999 ഓണനാളിൽ സി.പിഎം നേതാവ് പി.ജയരാജനെ ആർ.എസ്.എസ് പ്രവർത്തകർ വധിക്കാൻ ശ്രമിക്കുകയും ഇതിന്റെ തുടർച്ചയായി ഡിസംബറിൽ യുവമോർച്ച നേതാവ് കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ കൊല ചെയ്യപ്പെടുകയും ചെയ്തതോടെയാണ് സി.പി.എം  ആർ.എസ്.എസ് കലാപമുഖം തുറന്നത്. ഇതോടെ കോൺഗ്രസും സുധാകരനും കളം വിട്ടു. 
പിന്നീട് ഷുഹൈബും ഷുക്കൂറും അടക്കമുള്ള പ്രവർത്തകർ കൊല ചെയ്യപ്പെട്ടിട്ടും കോൺഗ്രസ് നേതൃത്വത്തിൽ തിരിച്ചടി ഉണ്ടായില്ലെന്നു മാത്രമല്ല, സമാധാനത്തിന്റെ സമരമാർഗമായ സത്യഗ്രഹ ശൈലിയാണ് അവലംബിച്ചത്. സുധാകരൻ പത്തു ദിവസത്തോളം നിരാഹാര സമരം അനുഷ്ഠിക്കുകയും ചെയ്തു.


സി.പി.എം നേതാവ് ഇ.പി.ജയരാജന് വെടിയേറ്റതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് സുധാകരനും സി.പി.എം നേതൃത്വവും തമ്മിൽ ഏറ്റവുമൊടുവിൽ വെല്ലുവിളി നടത്തിയത്. ജയരാജന്റെ ശരീരത്തിൽ വെടിയുണ്ടയുടെ അംശമുണ്ടെന്ന് തെളിയിച്ചാൽ താൻ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്ന് സുധാകരൻ കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വെല്ലുവിളിക്കുകയായിരുന്നു. എന്നാൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ സി.പി.എം നേതൃത്വം തയാറായില്ല. ഇതിന് ശേഷം ഇതാദ്യമായാണ് സുധാകരൻ സി.പി.എം നേതൃത്വത്തിന് നേരെ വെല്ലുവിളി ഉയർത്തുന്നത്. 


 

Latest News