Sorry, you need to enable JavaScript to visit this website.

ആദിവാസി കുട്ടികൾ ഹാപ്പി; ഗോത്ര ഭാഷയിൽ ഓൺലൈൻ ക്ലാസ് തുടങ്ങി

സുധ ടീച്ചർ കുറുമ്പ ഭാഷയിൽ ആദിവാസി കുട്ടികൾക്ക് ക്ലാസെടുക്കുന്നു.

പാലക്കാട് - അട്ടപ്പാടിയിലെ ആദിവാസി കുട്ടികൾക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പ് ഗോത്ര ഭാഷയിൽ ക്ലാസ് തുടങ്ങി. 
അട്ടപ്പാടി ബി.ആർ.സിക്ക് കീഴിൽ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയാണ് അവരുടെ ഭാഷയിൽ തന്നെ ക്ലാസ് എടുക്കുന്നത്. ഇരുള, മുഡുഗ, കുറുമ്പ ഗോത്ര ഭാഷകൾ സംസാരിക്കുന്ന 320 കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഒന്നാം ക്ലാസിലെ പാഠഭാഗങ്ങളുടെ 20 എപ്പിസോഡുകൾ മൂന്ന് ഭാഷകളിലായി ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്ന് സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ കുട്ടിക്കൃഷ്ണൻ അറിയിച്ചു. 


സംസ്ഥാനത്ത് പട്ടികവർഗ വിഭാഗക്കാർ കൂടുതലുള്ള പാലക്കാട്, വയനാട്, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലെ കുട്ടികൾക്കു വേണ്ടി 13 നാട്ടുഭാഷകളിൽ നേരത്തേ പാഠഭാഗങ്ങൾ തയാറാക്കിയിരുന്നു. അതിന് ഊരുകളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് അവരുടെ ഭാഷയിൽ തന്നെ ക്ലാസ് തുടങ്ങാൻ ധൈര്യം നൽകിയത് എന്ന് അധികൃതർ പറയുന്നു. പരീക്ഷണാർഥം അവതരിപ്പിച്ച എപ്പിസോഡുകൾ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. പരീക്ഷണം വിജയിച്ചാൽ പദ്ധതി വിപുലമാക്കാനാണ് തീരുമാനമെന്ന് ജില്ലാ പ്രൊജക്റ്റ് കോ-ഓഡിനേറ്റ ർ എം.കെ.നൗഷാദ് അലി പറഞ്ഞു. 
അഗളി ബ്ലോക്ക് പ്രോഗ്രാം കോ-ഓഡിനേറ്റർ സി.പി.വിജയനാണ് ക്ലാസുകളുടെ ചുമതല. വിദഗ്ധ സംഘങ്ങളടങ്ങിയ ഒരു പാനലാണ് ഗോത്ര ഭാഷയിൽ പാഠ്യഭാഗങ്ങൾ തയാറാക്കിയത്. അതാത് ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള അധ്യാപകർ തന്നെ ക്ലാസ് നയിക്കും. 

Latest News