Sorry, you need to enable JavaScript to visit this website.

കേന്ദ്രത്തിന്റെ ജിഎസ്ടി വഞ്ചന; പിണറായി ഉള്‍പ്പെടെ ആറു മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്കു കത്തെഴുതി

ന്യൂദല്‍ഹി- ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള 2.35 ലക്ഷം കോടി രൂപ പിടിച്ചുവെയ്ക്കുകയും കോവിഡ് ദുരിതാശ്വാസമായി സാമ്പത്തിക സഹായം നല്‍കാതിരിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ആറു സംസ്ഥാന മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി. മുഖ്യമന്ത്രി പിണറായി വിജയന്‍, മമത ബാനര്‍ജി, അരവിന്ദ് കേജ്‌രിവാള്‍, എടപ്പാടി പളനിസ്വാമി, കെ ചന്ദ്രശേഖര്‍ റാവു, ഭുപേഷ് ഭാഗെല്‍ എന്നിവരാണ് ജിഎസ്ടി കുടിശ്ശികയ്ക്കു പകരം കേന്ദ്രം മുന്നോട്ടു വെച്ച വായ്പാ വാഗ്ദാനം നിരസിച്ച് കത്തെഴുതിയത്. ജിഎസ്ടി പ്രാബല്യത്തില്‍ വന്നശേഷം ആദ്യ അഞ്ചു വര്‍ഷം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍ കേന്ദ്രത്തിന് നിയമപരമായ ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ ഓര്‍മിപ്പിച്ചു. ജിഎസ്ടി നഷ്ടപരിഹാരത്തുക നല്‍കുന്നതിനു പകരം വായ്പ എടുക്കാന്‍ സഹായിക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനം. എന്നാല്‍ ഇിയും വായ്പ എടുത്താല്‍ അത് അധികബാധ്യതയാകുമെന്ന് സംസ്ഥാനങ്ങള്‍ വ്യക്തമാക്കി.

ജിഎസ്ടി പ്രതിസന്ധി വിശ്വാസ വഞ്ചനയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കത്തില്‍ ആരോപിച്ചു. കേരള ധനകാര്യ മന്ത്രി തോമസ് ഐസകും ഇതെ നിലപാട് നേരത്തെ സ്വീകരിച്ചിരുന്നു. ജിഎസ്ടി നഷ്ടപരിഹാരം നല്‍കാതെ വായ്പ എടുക്കുക എന്ന അധിക ബാധ്യതയാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. പല സംസ്ഥാനങ്ങളും ശമ്പള വിതരണത്തിനു പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണിതെന്നും മമത പറഞ്ഞു. സംസ്ഥാനങ്ങളേക്കാള്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുമെന്നതിനാല്‍ കേന്ദ്രം തന്നെ വായ്പ എടുക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.
 

Latest News