അഞ്ചു ദിവസത്തിനിടെ പിഎം കെയേഴ്‌സ് ഫണ്ടിലെത്തിയത് 3076 കോടി; ഉറവിടം വെളിപ്പെടുത്തണമെന്ന് ചിദംബരം

ന്യൂദല്‍ഹി- കോവിഡ് ദുരിതാശ്വാസത്തിനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അഞ്ചു ദിവസത്തിനിടെ 3,076 കോടി രൂപ ലഭിച്ചുവെന്ന് സര്‍ക്കാര്‍ പുറത്തു വിട്ട ഓഡിറ്റ് രേഖ. ഈ ഫണ്ട് ആരംഭിച്ച 2020 മാര്‍ച്ച് 27നും മാര്‍ച്ച്31നുമിടയിലാണ് ഇത്രയും തുക ഒഴുകിയെത്തിയത്. ഇതില്‍ 3,075.85 കോടി രൂപയും ഇന്ത്യയ്ക്കകത്തു നിന്നു ലഭിച്ച സംഭാവനകളാണ്. വെറും 39.67 ലക്ഷം രൂപ മാത്രമാണ് വിദേശ സംഭവാന. പ്രാരംഭ തുകയായി 2.25 ലക്ഷം കോടിയാണ് പിഎം കെയേഴ്‌സ് ഫണ്ടിനുണ്ടായിരുന്നത്. 35 ലക്ഷം രൂപ പലിശ ഇനത്തിലും സ്വീകരിച്ചതായു പിഎം കെയേഴ്‌സ് ഫണ്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഓഡിറ്റ് റിപോര്‍ട്ട് പറയുന്നു. എന്നാല്‍ സംഭാവനകളുടെ ഉറവിടം വ്യക്തമാക്കുന്ന പേരുവിവരങ്ങള്‍ അനുബന്ധമായി പരസ്യപ്പെടുത്തിയിട്ടില്ല. പ്രസ്താവനയ്‌ക്കൊപ്പമുള്ള ഒന്നു മുതല്‍ ആറു വരെ നോട്ടുകളാണ് രഹസ്യമാക്കി വെച്ചിരിക്കുന്നത്. ആഭ്യന്തരമായും വിദേശത്തു നിന്നും ആരെല്ലാമാണ് സംഭാവനകള്‍ നല്‍കിയതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഈ ഉദാര മനസ്‌ക്കരുടെ പേരുകള്‍ എന്തു കൊണ്ട് വെളിപ്പെടുത്തുന്നില്ലെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം ചോദിച്ചു. എല്ലാ സര്‍ക്കാരിതര സന്നദ്ധ സംഘടനകളും ട്രസ്റ്റുകളും നിശ്ചിത പരാമവധി തുകയ്ക്കു മുകളില്‍ സംഭാവന നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ബാധ്യസ്ഥരാണ്. ഈ ബാധ്യതയില്‍ നിന്ന് പിഎം കെയേഴ്‌സ് ഫണ്ട് എന്തു കൊണ്ടു ഒഴിവാക്കപ്പെട്ടുവെന്നും ചിദംബരം ട്വീറ്റിലൂടെ ചോദിച്ചു. സംഭാവന സ്വീകരിച്ചവരേയും അവരുടെ ട്രസ്റ്റികളേയും അറിയാം. എന്നാല്‍ സംഭാവന നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ എന്തിന് സ്വീകരിച്ചവര്‍ ഭയക്കണം? ചിദംബരം ചോദിച്ചു.
 

Latest News