Sorry, you need to enable JavaScript to visit this website.

മയക്കുമരുന്ന് കേസിൽ പിടിയിലായ അനൂപിനെ വർഷങ്ങളായി അറിയാം-ബിനീഷ് കോടിയേരി

തിരുവനന്തപുരം- മയക്കുമരുന്ന് കേസിൽ പ്രതിയായ മുഹമ്മദ് അനൂപിനെ തനിക്ക് വർഷങ്ങളായി പരിചയമുണ്ടെന്ന് ബിനീഷ് കോടിയേരി. എന്നാൽ വർഷങ്ങളായി തനിക്ക് പരിചയമുള്ള അനൂപിനെ കുറിച്ച് ഇപ്പോൾ വന്നിരിക്കുന്ന വാർത്ത അയാളെ അറിയുന്നവരെ ഞെട്ടിപ്പിക്കുന്നതാണെന്നും ബിനിഷ് പറഞ്ഞു. അനൂപ് അത്തരത്തിലുള്ള ആളാണ് എന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും ബിനീഷ് പറഞ്ഞു. 
അനൂപ് മുഹമ്മദ് അടക്കം ബംഗളൂരുവിൽ പിടിയിലായ മയക്കുമരുന്ന് സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചിരുന്നു. 

'എനിക്ക് വളരെ നന്നായിട്ട് അറിയുന്ന ആളാണ് അനൂപ്. വർഷങ്ങളായിട്ട് പരിചയമുണ്ട്. 2012-13 കാലഘട്ടം മുതൽ തന്നെ അറിയാം. വസ്ത്രവ്യാപാരവുമായി ബന്ധപ്പെട്ട ബിസിനസുകൾ ചെയ്തിരുന്ന ആളാണ് അദ്ദേഹം. പിന്നീട് വല്ലപ്പോഴുമൊക്കെ ബംഗളൂരുവിലൊക്കെ പോകുമ്പോൾ ഹോട്ടൽ റൂമുകളൊക്കെ ഡിസ്‌കൗണ്ടിൽ എടുത്തുതന്നിരുന്നത് അനൂപാണ്.

അതിന് ശേഷം 2015 ലാണ് അനൂപ് റെസ്‌റ്റോറന്റ് തുടങ്ങുന്നത്. അതിനായി പല സുഹൃത്തുക്കളിൽ നിന്നും അദ്ദേഹം പണം കടംവാങ്ങിയിട്ടുണ്ട്. അത്തരത്തിൽ കടംകൊടുത്ത കൂട്ടത്തിൽ ഒരാൾ ഞാനുമാണ്. പല പേരുകളിലും അത് തുടങ്ങാൻ നോക്കി. പല ആളുകളുമായി ചേർന്നും നടത്താൻ നോക്കിയെങ്കിലും വിജയിച്ചില്ല. അതിൽ അനൂപിന് ഒരുപാട് കടങ്ങളുമുണ്ട്. ഇത്തരത്തിലാണ് എനിക്ക് അനൂപിനെ പരിചയം.
അനൂപ് ഇത്തരത്തിലൊരു ബിസിനസ് ചെയ്ത് പിടിക്കപ്പെട്ടു എന്നത് എനിക്കും എന്നെപ്പോലെയുള്ള മറ്റ് സുഹൃത്തുക്കൾക്കും അതിനേക്കാളുപരി അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും വലിയ ഷോക്കായിരുന്നു. എന്റെ വീടുമായും അവർക്ക് ബന്ധമുണ്ടായിരുന്നു. അനൂപിനെ കുറിച്ചുള്ള ഞങ്ങളുടെ ധാരണ ഇതല്ലായിരുന്നു. എങ്ങനെയാണ് ഈ ബിസിനസിൽ എത്തിപ്പെട്ടതെന്ന് അറിയില്ല.
രണ്ട് തവണയായി ആറ് ലക്ഷം രൂപ ഹോട്ടൽ ബിസിനസിനായി നൽകിയിരുന്നു. കുമരകത്ത് നിശാപാർട്ടിയിൽ പങ്കെടുത്തു എന്ന് പറയുന്നത് തെറ്റാണ്. 2017 ലോ മറ്റോ എടുത്ത ഒരു ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ജൂലൈ 19 ന് ഞാൻ കുമരകത്ത് പോയിട്ടില്ല. അത്തരമൊരു വാർത്ത നിഷേധിക്കുകയാണ്.

26 തവണ അനൂപിനെ വിളിച്ചു എന്ന് പറയുന്നത് എനിക്ക് അറിയില്ല. എനിക്ക് അറിയാവുന്ന സൗഹൃദവലയത്തിലുള്ള ആളാണ് അനൂപ്. വല്ലപ്പോഴും വിളിക്കാറുണ്ട്. സുഹൃത്തുക്കൾ തമ്മിൽ നടക്കുന്ന സംസാരങ്ങളാണ് നടന്നത്. അറസ്റ്റിലാവുന്നതിന് രണ്ട് ദിവസം മുൻപ് വിളിച്ചിരുന്നു. പണമില്ലെന്ന് പറഞ്ഞപ്പോൾ 15000 രൂപ കടംകൊടുത്തിരുന്നു. സാമ്പത്തികമായി തകർന്നുനിൽക്കുന്ന ആളായിട്ടാണ് ഞാൻ അനൂപിനെ കണ്ടത്. ബംഗളൂരുവിലുള്ള ഹോട്ടൽ എന്റേതാണ് എന്ന് പറയുന്നത് കള്ളമാണ്. തിരുവനന്തപുരത്ത് തന്റെതാണ് എന്ന് പറഞ്ഞിരുന്ന കെട്ടിടം പണി കഴിഞ്ഞപ്പോഴാണ് അതൊരു പള്ളിയാണ് എന്ന് ആരോപണം ഉന്നയിച്ചവർക്ക് മനസിലായത്. സ്വപ്‌ന സുരേഷ് അറസ്റ്റിലായ ദിവസം അനൂപിനെ വിളിച്ചിരുന്നോ എന്ന കാര്യം തനിക്കറിയില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
 

Latest News