Sorry, you need to enable JavaScript to visit this website.

ബിജെപി അനുകൂല വിദ്വേഷ പ്രചരണം; പാര്‍ലമെന്റ് സമിതി ഇന്ന് ഫേസ്ബുക്കിന്റെ വാദം കേള്‍ക്കും

ന്യൂദല്‍ഹി- ബിജെപി നതാക്കളുടെ വിദ്വേഷ, വര്‍ഗീയ പ്രചരണങ്ങള്‍ പ്രോത്സാഹിപ്പിച്ചുവെന്ന ഗുരുതര ആരോപണം നേരിട്ട ഇന്ത്യയിലെ ഫേസ്ബുക്ക് പ്രതിനിധികള്‍ ഇന്ന് പാര്‍ലമന്റ് ഐടി കാര്യ സ്റ്റാന്‍ഡിങ്  കമ്മിറ്റി മുമ്പാകെ ഹാജരാകും. ശശി തരൂര്‍ എംപി അധ്യക്ഷനായ സമിതി ഫേസ്ബുക്ക് ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കും. കമ്പനിയുടെ തന്നെ ചട്ടങ്ങള്‍ ലംഘിച്ച് വര്‍ഗീയ പ്രചരണത്തിനും മുസ്‌ലിം വിരുദ്ധതയ്ക്കും ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ അംഖി ദാസ് അനുമതി നല്‍കിയെന്ന അമേരിക്കന്‍ പത്രമായ വോള്‍ സ്ട്രീറ്റ് ജേണലിന്റെ റിപോര്‍ട്ട് സംബന്ധിച്ച് ഫേസ്ബുക്ക് മറുപടി നല്‍കണമെന്ന് സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

ഫേസ്ബുക്ക് പ്രതിനിധികള്‍ക്കു പുറമെ ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം പ്രതിനിധികളോയും സമതി മുമ്പാകെ ഹാജരാകാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്നു നടക്കുന്ന സിറ്റിങില്‍ സമിതി ഇവരുടെ വാദം കേള്‍ക്കും. പൗരന്മാരുടെ അവകാശ സംരക്ഷണം, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ ന്യൂസ് മീഡിയ എന്നിവയുടെ ദുരുപയോഗം തടയല്‍ എന്നിവ സംബന്ധിച്ചാണ് സമിതി വാദം കേള്‍ക്കുകയെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. 

വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ടിനു പിന്നാലെ ഇക്കാര്യം സമിതി പരിശോധിക്കുമെന്ന് അധ്യക്ഷന്‍ ശശി തരൂര്‍ വ്യക്തമാക്കിയത് ബിജെപി നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കിയിരുന്നു. ദിവസങ്ങള്‍ക്കും ശേഷം ബിജെപി-ഫേസ്ബുക്ക് രഹസ്യ ബന്ധങ്ങള്‍ വെളിപ്പെടുത്തുന്ന മറ്റൊരു റിപോര്‍ട്ടും വോള്‍ സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ചു. ഇതിനു പുറമെ മറ്റൊരു പ്രമുഖ പ്രസിദ്ധീകരണമായ ടൈം മാഗസിനും വാട്‌സാപ്പും ബിജെപിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഇന്ത്യയില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ജനാധിപത്യം വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മറുപടി പറയമമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രണ്ടു തവണ ഫേസ്്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തെഴുതിയിരുന്നു. പാര്‍ലമെന്റിന്റെ സംയുക്ത സമിതിയും ഇത് വിശദമായി അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിരുന്നു. ചര്‍ച്ച ചൂടുപിടിച്ചതോടെ ഇരവേഷമണിഞ്ഞ് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രവി ശങ്കര്‍ പ്രസാദും സുക്കര്‍ബര്‍ഗിന് കത്തെഴുതി. ഫേസ്ബുക്ക് ജീവനക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും മുതിര്‍ന്ന മന്ത്രിമാരേയും അവഹേളിച്ചുവെന്നും ബിജെപി അനൂകല പോസ്റ്റുകല്‍ തടയുകയാണെന്നുമാണ് ഈ പരാതി.
 

Latest News