കോഴിക്കോട്- ബംഗളൂരുവില്‍ കഴിഞ്ഞയാഴ്ച പിടിയിലായ ലഹരിമരുന്ന് സംഘത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു.
പിടിയിലായ അനിഖയ്‌ക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അനൂബുമായും റിജേഷ് രവീന്ദ്രനുമായും ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ട്. മുഹമ്മദ് അനൂബ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍നിന്ന് ഇക്കാര്യം വ്യക്തമാണെന്ന് പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2015-ല്‍ അനൂബ് കമ്മനഹള്ളിയില്‍ തുടങ്ങിയ ഹയാത്ത് ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്. 2019-ല്‍ അനൂബ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയര്‍പ്പിച്ച് ഫെയ്‌സ്ബുക്ക് പേജില്‍ ലൈവ് ഇടുകയും ചെയ്തിരുന്നു. പിടിയിലായവര്‍ക്കൊപ്പം ലോക്ക്ഡൗണ്‍ കാലത്ത് ജൂണ്‍ 19-ന് കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തുവെന്നും പി.കെ ഫിറോസ് ഫോട്ടോയടക്കം പുറത്ത് വിട്ട് വ്യക്തമാക്കി.