'മോഡി വരുത്തിവച്ച ദുരന്തങ്ങള്‍' അക്കമിട്ടു നിരത്തി രാഹുലിന്റെ ട്വീറ്റ്

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീഴ്ചകളെ തുറന്നുകാട്ടി തുടര്‍ച്ചയായി ഒറ്റയാള്‍ പോരാട്ടം നടത്തിവരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്റെ പോര്‍മുന കടുപ്പിച്ച് 'ഇന്ത്യ ബാധിച്ച മോഡി നിര്‍മിത ദുരന്തങ്ങള്‍' എന്ന പേരില്‍ പുതിയ പട്ടിക ട്വീറ്റ് ചെയ്തു. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ വന്‍ ഇടിവും കോവിഡ് പ്രതിസന്ധിയും ലഡാക്കിലെ ചൈനീസ് സേനയുടെ കടന്നുകയറ്റവുമെല്ലാം അക്കമിട്ടു നിരത്തിയാണ് മോഡി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് രാഹുല്‍ ദുരന്ത പട്ടിക തയാറാക്കിയിരിക്കുന്നത്. 

മോഡി വരുത്തിവച്ച ദുരന്തങ്ങളില്‍പ്പെട്ട് ഇന്ത്യ ഉഴലുകയാണെന്ന് രാഹുല്‍ പറഞ്ഞു. 23.9 ശതമാനമെന്ന ചരിത്രപരമായ ജിഡിപി ഇടിവ്, 45 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ, 12 കോടി ജോലി നഷ്ടം, ജിഎസ്ടി കുടിശ്ശിക സംസ്ഥാനങ്ങള്‍ക്കും നല്‍കാതിരിക്കല്‍, ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് ദൈനംദിന കേസുകളും മരണങ്ങളും, അതിര്‍ത്തിയില്‍ വിദേശ കടന്നുകയറ്റം എന്നിവയാണ് രാഹുല്‍ ട്വീറ്റില്‍ അക്കമിട്ടു നിരത്തിയിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയ്ക്കു മറുപടിയായി, മനുഷ്യ നിര്‍മിത ദുരന്തത്തിന് ദൈവത്തെ പഴിക്കരുതെന്ന് കഴിഞ്ഞ ദിവസം മുന്‍ധനമന്ത്രി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോഡി നിര്‍മിത ദുരന്തങ്ങളെ അക്കമിട്ടു നിരത്തി രാഹുലും രംഗത്തെത്തിയത്. കോവിഡ് മഹാമാരി ഒരു പ്രകൃതി ദുരന്തമാണ്. ഒരു മനുഷ്യ നിര്‍മിത ദുരന്തത്തെ പ്രകൃതി ദുരന്തവുമായി കൂട്ടിക്കലര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചിദംബരം പറഞ്ഞിരുന്നു.  

Latest News