Sorry, you need to enable JavaScript to visit this website.

ജോസഫ് വിഭാഗത്തിനെതിരെ നടപടിക്കൊരുങ്ങി ജോസ് കെ. മാണി 

രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ പാർട്ടിയിൽ തിരിച്ചെത്തണം


കോട്ടയം- കേരള കോൺഗ്രസ് എം. ചെയർമാൻ പദവും ചിഹ്നവും ലഭിച്ചതോടെ വിമത ഭീഷണി ഉയർത്തിയ ജോസഫ് വിഭാഗത്തിനെതിരെ നടപടിയുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമായ സൂചന നൽകി ജോസ് കെ. മാണി എം.പി. തെറ്റിദ്ധാരണയിലൂടെ മാറിനിന്നവർക്കായി വാതിൽ തുറന്നു കിടക്കുകയാണ്. രണ്ടില ചിഹ്നത്തിൽനിന്ന് വിജയിച്ച മറ്റു ചില വ്യക്തികളുണ്ട്. 
അവർ ഈ കുടുംബത്തിൽ കാണേണ്ടതാണ്. അതിൽ നിന്ന് വ്യതിചലിച്ചുപോയാൽ അയോഗ്യരാക്കാനുള്ള കർശന നടപടിയുമായി മുന്നോട്ടുപോകും -ജോസ് കെ. മാണി അറിയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നിലപാട് എടുക്കുമെന്നും ഇപ്പോൾ സ്വതന്ത്ര നിലപാടിലാണെന്നും ജോസ് കെ. മാണി പറഞ്ഞു.
സത്യം ജയിച്ചെന്ന് ജോസ് കെ. മാണി ആവർത്തിച്ചു. രണ്ടില ചിഹ്നവും പാർട്ടി മേൽവിലാസവും ലഭിച്ചതോടെ സത്യം ജയിച്ചു. വിധി വന്നതോടെ ജോസ് വിഭാഗം ഇല്ലാതായി. ഇനി മുതൽ കേരളാ കോൺഗ്രസ് എം മാത്രമേയുള്ളൂ. രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ പാർട്ടിയിൽ തിരിച്ചെത്തണം.


പാർട്ടിയുടെ രണ്ടില ചിഹ്നം തങ്ങൾക്കാണ്. കേരള കോൺഗ്രസിനെ തകർക്കുവാനുള്ള ശ്രമങ്ങൾ രാഷ്ട്രീയത്തിൽ പലപ്പോഴും കണ്ടിട്ടുണ്ട്. കെ.എം. മാണിയുടെ രാഷ്ട്രീയം തകർക്കാൻ അച്ചാരം വാങ്ങിയവർ കേരളത്തിലുണ്ട്. കഴിഞ്ഞ ഏപ്രിൽ 10 ന് ശേഷം തനിക്കെതിരെ നിരന്തരം വ്യക്തിഹത്യ നടന്നിട്ടുണ്ട്. തന്റെ പിതാവിനെതിരെയും പരോക്ഷമായി വ്യക്തിഹത്യ ഉണ്ടായിട്ടുണ്ട്. അവിടെയൊന്നും മറുപടി പറയാൻ ഞാൻ വന്നില്ല. ഞാൻ ഉയർത്തിപ്പിടിച്ച നിലപാടിന് പിന്നിൽ രാഷ്ട്രീയമാണ്. 
വ്യക്തിഹത്യ ആവർത്തിച്ചപ്പോഴും ആ നിലയിലുള്ള പ്രതികരണം ഉണ്ടാകരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. കാരണം മാണിസാർ ഞങ്ങളെ അങ്ങനെയാണ് പഠിപ്പിച്ചത്. ഏതാണ് സത്യം, ഏതാണ് നുണ എന്നൊക്കെ ബോധ്യപ്പെട്ടു.


തന്നെ തെറ്റിദ്ധരിച്ച നേതാക്കളുണ്ട്. പിതൃതുല്യരായ പലരും തെറ്റിദ്ധരിച്ച് മറുഭാഗത്തുണ്ട്. അവരോടൊന്നും പരാതിയില്ല. ഈ സന്ദർഭത്തിൽ ഈ കുടുംബത്തിന്റെ വാതിൽ തുറന്നുകിടക്കുകയാണ്. നിയമസഭയിൽ റോഷി അഗസ്റ്റിനാണ് പാർട്ടിയുടെ വിപ്പ്. അവിശ്വാസ വോട്ടെടുപ്പിൽ പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി കൂടി ഒരു നടപടി എടുത്തിരുന്നു. അത്പ്രകാരം മുന്നോട്ടുപോകാത്താവർക്കെതിരെ നടപടിയുണ്ടാകും. നിലവിൽ സ്വതന്ത്രമായ നിലപാടിലാണ് പാർട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നതിന് മുന്നെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും ജോസ് കെ. മാണി അറിയിച്ചു
പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചവർക്ക് കടുത്ത താക്കീതാണിതെന്നും റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. പാർട്ടിയും രണ്ടില ചിഹ്നവും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ പറഞ്ഞിരുന്നു. ഇതിന് അപ്പുറത്തേക്ക് എന്താണ് സംസാരിക്കാനുള്ളതെന്ന് റോഷി അഗസ്റ്റിൻ ചോദിച്ചു. പാർട്ടിയുടെ ചെയർമാനായി ജോസ് കെ. മാണി തുടരുന്ന രാഷ്ട്രീയ പശ്ചാത്തലമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. 


കമ്മീഷന് മുന്നിലുള്ള രേഖകൾ, ചെയർമാന്റെ സ്ഥാനത്തുനിന്നുള്ള അറിയിപ്പുകൾ എന്നിവ പരിശോധിച്ചശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് സ്വീകരിച്ചത്. ഇതുപ്രകാരം കേരള കോൺഗ്രസ് മാണി വിഭാഗം എന്നത് ഔദ്യോഗികമായി ജോസ് കെ. മാണി വിഭാഗമായിരിക്കും. ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് സ്വന്തമായിരിക്കും. 
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ അടക്കം ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാം. അതേസമയം, ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ജോസഫ് വിഭാഗം ഹൈക്കോടതിയിലേക്ക് പോകുകയാണ്. വിധിക്കെതിരെ ദൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു.

 

Latest News