മലപ്പുറം-ജില്ലയിൽ രണ്ട് കോവിഡ് മരണം കൂടി. ഒളവട്ടൂർ സ്വദേശിനി ആമിന (95), കാടാമ്പുഴ കല്ലാർമംഗലം സ്വദേശിനി കമലാക്ഷി (69) എന്നിവരാണ് മരിച്ചത്. ഇന്നലെ ജില്ലയിൽ 191 പേരാണ് പുതുതായി രോഗബാധിതരായത്. 286 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു.
മഞ്ചേരി മെഡിക്കൽ കോളേജിലാണ് രണ്ടു പേർ മരിച്ചത്. ആമിനക്ക് ഹൃദ്രോഗം, പിത്താശയ രോഗം, മൂത്രനാളി അണുബാധ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ആന്റിജൻ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 27 നാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളും അപസ്മാരം തുടങ്ങിയ അസുഖങ്ങളുമായി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന കമലാക്ഷിക്ക് ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മഞ്ചേരിയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അവശ നിലയിലായിരുന്ന രോഗിയെ കോവിഡ് ഐ.സി.യുവിൽ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 191 പേരിൽ 180 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ആരോഗ്യ പ്രവർത്തകക്കും രോഗബാധയുണ്ട്. ആറ് പേർക്ക് ഉറവിടമറിയാതെയാണ് അസുഖം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന രണ്ട് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. 2562 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്.
ഇതുവരെ 6942 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
47,120 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുൾപ്പെടെ 2562 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 2371 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 353 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1428 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആർ.ടി.പി. സി.ആർ, ആന്റിജൻ വിഭാഗങ്ങളിലുൾപ്പെടെ ജില്ലയിൽ ഇതുവരെ പരിശോധനക്കയച്ച 94,604 സാമ്പിളുകളിൽ 357 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
പ്രമുഖ മത പണ്ഡിതനും ഒളവട്ടൂർ ഹയാത്തുൽ ഇസ്ലാം യതീംഖാനയുടെ സ്ഥാപകനുമായിരുന്ന മങ്ങാട്ടുമുറി തോട്ടുംതൊടുവിൽ പരേതനായ എം. മോയിൻകുട്ടി ഹാജിയുടെ ഭാര്യയാണ് കോവിഡ് ബാധിച്ച് മരിച്ച ഉരുണിക്കുളവൻ ആമിന ഹജുമ്മ. പിതാവ് പരേതനായ ഉരുണിക്കുളവൻ മാളിയേക്കൽ പോക്കരുട്ടി ഹാജി. മാതാവ് പരേതയായ ആഇശ ഹജുമ്മ. മക്കൾ: ഡോ. എം. അബ്ദുറഹ്മാൻ ബാഖവി (ജനറൽ സെക്രട്ടറി, യു.എ.ഇ സുന്നി കൗൺസിൽ), എം. അബ്ദുസ്സലാം ഫൈസി (മുൻ ചെയർമാൻ, ജിദ്ദ ഇസ്‌ലാമിക് സെന്റർ), ഡോ. എം. അബൂബക്കർ ദാരിമി (അസി. പ്രൊഫസർ, എം.എ.എം.ഒ കോളേജ് മുക്കം, കോളേജ് വൈസ് പ്രസിഡന്റ്, എസ്.ഇ.എ മലപ്പുറം ജില്ലാ കമ്മിറ്റി), ഫാത്തിമ, ആഇശ, ഖദീജ, പരേതനായ എം.മുഹമ്മദ് ഫൈസി. മരുമക്കൾ: കെ.പി. അലവി ഹാജി (പറപ്പൂർ) എം.സി. ഫാത്തിമ (മായക്കര), എം.പി. ഫാത്തിമ (പാഴൂർ), കെ. ഖദീജ (തിരൂർക്കാട്), പി. റസിയ (കിഴിശ്ശേരി), പരേതരായ എ.എം. മുഹമ്മദ് (കരുവൻതിരുത്തി), കെ.എസ്. അബ്ദുല്ല ഹാജി (മുണ്ടമ്പ്ര).