പഠനത്തോടൊപ്പം റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്; ഇന്ത്യന്‍ വംശജനായ കൗമാരക്കാരന്‍ സമ്പന്നരുടെ പട്ടികയില്‍

ലണ്ടന്‍- സ്‌കൂളിലെ ഒഴിവു സമയങ്ങളിലും ഉച്ചഭക്ഷണ ഇടവേളകളിലും ഓണ്‍ലൈന്‍ റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സി നടത്തിയ ഇന്ത്യന്‍ വംശജന്‍ അക്ഷയ് രൂപറേലിയ എന്ന 19 കാരന്‍ ബ്രിട്ടനിലെ യുവ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടി.

ഡോര്‍സ്‌റ്റെപ്‌സ് എന്ന ഓണ്‍ലൈന്‍ റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സിയുടെ ഉടമയായ അക്ഷയിനു സ്വന്തമായുള്ളത് 1.2 കോടി പൗണ്ട് ആസ്തിയാണ്. ഇതിനകം 10 കോടി പൗണ്ട് വിലമതിക്കുന്ന വീടുകളുടെ വില്‍പന തന്റെ വെബ്‌സൈറ്റ് മുഖേന ഈ  കൗമാരക്കാരന്‍ നടത്തിയിട്ടുണ്ട്.

ബന്ധുക്കളില്‍ നിന്ന് 7,000 പൗണ്ട് കടമെടുത്താണ് തന്റെ ഓണ്‍ലൈന്‍ റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സി അക്ഷയ് തുടങ്ങിയത്. ഇപ്പോള്‍ 12 ജീവനക്കാരുള്ള കമ്പനിയാണ്. നിക്ഷേപകരില്‍നിന്നായി അഞ്ചു ലക്ഷം സമാഹരിച്ച് കമ്പനി വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. പരമ്പരാഗത റിയല്‍എസ്‌റ്റേറ്റ് ഏജന്റുമാരുടെ ചൂഷണത്തില്‍നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുകയാണ് തന്റെ ഓണ്‍ലൈന്‍ ഏജന്‍സിയിലൂടെ അക്ഷയ് ചെയ്യുന്നത്.
പരമ്പരാഗത ഏജന്റുമാര്‍ വീടു വില്‍ക്കാനും വാങ്ങാനും എത്തുന്നവരില്‍ നിന്ന് ആയിരക്കണക്കിന് പൗണ്ടാണ് കമ്മീഷനായി ഈടാക്കുന്നത്. തന്റെ വെബ്‌സൈറ്റിലൂടെ അക്ഷയ് ഈടാക്കുന്നത് വെറും 99 പൗണ്ടാണ്. ചുരുങ്ങിയ കാലം കൊണ്ട് ഏറെ ജനപ്രിയമായി മാറിയ ഈ ഓണ്‍ലൈന്‍ ഏജന്‍സി ഇന്ന് ബ്രിട്ടനിലെ 18ാമത്തെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സിയാണ്.

ലണ്ടനിലെ ബാര്‍നെറ്റ് ക്വീന്‍ എലിസബത്ത് ഹൈസ്‌കൂളിലെ പഠിക്കുന്നതിനിടെയാണ് ഓണ്‍ലൈന്‍ ബിസിനസിന് അക്ഷയ് തുടക്കമിട്ടത്. സഹപാഠികളെല്ലാം ഒഴിവു വേളകളില്‍ കളിക്കളങ്ങളിലും മറ്റുമായി ചെലവഴിച്ചപ്പോള്‍ അക്ഷയ് തന്റെ സ്മാര്‍ട്‌ഫോണില്‍ റിയല്‍എസ്‌റ്റേറ്റ് ഡീലുകള്‍ നടത്തുന്ന തിരക്കിലായിരുന്നു.

തിരക്കേറി വന്നതോടെ ക്ലാസ് സമയത്ത് ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഒരു കോള്‍ സെന്റര്‍ സേവനം വാടകയ്‌ക്കെടുത്തു. സ്‌കൂള്‍ വിട്ടശേഷം വീണ്ടു ബിസിനസിലേക്ക്. ഇന്നത് വളര്‍ന്ന് വലിയ കമ്പനിയായി മാറിക്കൊണ്ടിരിക്കുന്നു. കാര്യമായ ശ്രദ്ധ ബിസിനസിലായിരുന്നെങ്കിലും പഠനകാര്യങ്ങളിലും അക്ഷയ് ഒട്ടും പിറകോട്ട് പോയില്ല. മാത്്‌സ്, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ഹിസ്റ്ററി, ഫിനാന്‍ഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ അഞ്ച് എ ലെവലുകളും മൂന്ന് എ സ്റ്റാറുകളും രണ്ട് എ ഗ്രേഡുകളും നേടിയാണ് അക്ഷയ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.

Latest News