'ആരോഗ്യ വകുപ്പ് ഇങ്ങോട്ട് അടുക്കേണ്ട, കോവിഡ് ഞങ്ങള്‍ ചികിത്സിച്ചോളാം', പ്രമേയം പാസാക്കി പഞ്ചാബ് ഗ്രാമങ്ങള്‍

ലുധിയാന- കോവിഡ് പ്രതിരോധ രംഗത്തുള്ള സര്‍ക്കാരിന്റെ ആരോഗ്യ ഉദ്യോഗസ്ഥരേയും ഡോക്ടര്‍മാരേയും ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനവുമായി പഞ്ചാബിലെ മോഗ ജില്ലയില്‍ രണ്ടു ഗ്രാമങ്ങള്‍ പ്രമേയം പാസാക്കി. കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയാല്‍ പോലും ആരും സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യരുതെന്നും ചികിത്സ ഗ്രാമത്തില്‍ തന്നെ നല്‍കുമെന്നും പ്രമേയത്തിലുണ്ട്. മോഗയിലെ ബഗപുരാന സബ് ഡിവിഷനു കീഴില്‍ വരുന്ന ലാന്‍ഡെ, വന്‍ഡെര്‍ ഗ്രാമങ്ങളിലാണ് സംഭവം. ഗ്രാമങ്ങളില്‍ നിന്ന് ആരേയും പുറത്തേക്കു കൊണ്ടു പോകാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരേയും ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥരേയും അനുവദിക്കില്ല. രോഗലക്ഷണങ്ങളില്ലെങ്കില്‍ കോവിഡ് പരിശോധന നടത്താന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചിരിക്കുകയാണിവര്‍. ഗ്രാമത്തലവന്മാരും പഞ്ചായത്തംഗങ്ങളും ചേര്‍ന്ന് പാസാക്കിയതാണ് ഈ പ്രമേയം. ഗ്രാമത്തില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ അവരെ ഗ്രാമത്തിലെ തന്നെ ഒരു പൊതു സ്ഥലത്തോ അല്ലെങ്കില്‍ അവരുടെ വിട്ടിലോ ക്വാരന്റീനിലാക്കും. ഒരു കോറോണ രോഗിയേയും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കൊപ്പം വിടില്ല. ബലപ്രയോഗത്തിലൂടെ ഉദ്യോഗസ്ഥര്‍ കൊണ്ടു പോകാന്‍ ശ്രമിച്ചാലും അതു നടക്കില്ല എന്നും പ്രമേയം പറയുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഗ്രാമങ്ങളില്‍ തന്നെ അവരെ ചികിത്സിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇന്നുവരെ കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടു പിടിച്ചിട്ടില്ലാത്തതിനാല്‍ പുറത്തു പോകേണ്ടതില്ലെന്നാണ് ഇവരുടെ വാദം. സ്വയം സന്നദ്ധരാകാത്ത ഗ്രാമീണരെ കോവിഡ് ടെസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.

സര്‍ക്കാര്‍ ആശുപത്രികളില്‍ അവയവ മോഷണം നടക്കുന്നുവെന്ന വ്യാജ പ്രചരണങ്ങളാണ് ഇത്തരമൊരു പ്രമേയം പാസാക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. 'സര്‍ക്കാര്‍ ആശുപത്രികളില്‍ കൊറോണ ചികിത്സയുടെ പേരില്‍ വൃക്കയും കരളുമെല്ലാം മോഷ്ടിക്കപ്പെടുന്നതായി നിരവധി വാര്‍ത്തകള്‍ വാട്‌സാപ്പിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഗ്രാമീണരെല്ലാം ഭയന്നിരിക്കുകയാണ്. കൊറോണ വൈറസ് ആരേയും കൊല്ലില്ല. അവരെ ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ ചിക്തിച്ചോളാം,' ലാന്‍ഡെ ഗ്രാമത്തലവന്‍ ഗുര്‍പ്രീത് സിങ് പറയുന്നു. ഗ്രാമത്തില്‍ മതിയായ ഐസലേഷന്‍ സൗകര്യങ്ങളുണ്ടെന്നും ആരേയും പുറത്തേക്കു കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്നുംം വന്‍ഡെര്‍ ഗ്രാമത്തിലെ സര്‍പഞ്ച് കുല്‍വീന്ദര്‍ കൗര്‍ പറയുന്നു.
 

Latest News