Sorry, you need to enable JavaScript to visit this website.

അടൂര്‍ പ്രകാശ് സഹായിച്ചെന്ന് വെഞ്ഞാറമൂട് ഇരട്ടക്കൊല കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍; ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം- വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് എംപിക്ക് പങ്കുണ്ടെന്ന് ആരോപണം. ഇതിനു തെളിവായി കേസിലെ പ്രതി ഷജിത്തിന്റെ ശബ്ദരേഖ പുറത്തു വന്നു. പ്രകാശ് പ്രതിയെ സഹായിച്ചെന്ന സൂചനയാണ് ഈ ശബ്ദരേഖയിലുള്ളതെന്ന് ഡിവൈഎഫ്‌ഐ ആരോപിക്കുന്നു. നേരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഫൈസലിനെ ആക്രമിച്ച കേസില്‍ പേര് വന്നപ്പോള്‍ എം.പിയെ വിളിച്ചെന്നും അദ്ദേഹം ഇടപെട്ട് എല്ലാം ശരിയാക്കിയെന്നുമാണ് ഷിജിത്ത് പറയുന്നത്. കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക് മെസഞ്ചര്‍ ഗ്രൂപ്പില്‍ പ്രചരിച്ച ശബ്ദരേഖയാണിതെന്ന് ഡിവൈഎഫ്‌ഐ പറയുന്നു. ഇരട്ടകൊലപാതകത്തില്‍ അടൂര്‍ പ്രകാശിനു പങ്കുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും മന്ത്രി ഇ. പി ജയരാജനും ആവശ്യപ്പെട്ടിരുന്നു. അതേസമയം ആരോപണങ്ങള്‍ അടൂര്‍ പ്രകാശ് തള്ളി. 

കേസില്‍ കോണ്‍ഗ്രസ് ബന്ധം വ്യക്തമാക്കുന്ന എഫ്ഐആര്‍ ആണ് പോലീസ് തയ്യാറാക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മുഹമ്മദ് ഹഖിനേയും മിഥിലാജിനേയും വെട്ടിയത് സജീവ്, അന്‍സര്‍, ഉണ്ണി സനല്‍ എന്നിവര്‍ ചേര്‍ന്നാണെന്നും മറ്റുള്ളവര്‍ കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

മറ്റ് നാല് പേരും കൃത്യം നടത്തിയ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ്. പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകായണ്. എന്നാല്‍ കൊലപാതകത്തില്‍ സാക്ഷി തിരിച്ചറിഞ്ഞ അന്‍സാര്‍ എന്ന വ്യക്തി സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി.

കൊല്ലപ്പെട്ടവര്‍ക്കൊപ്പമുണ്ടായിരുന്ന ഷഹീനാണ് അന്‍സാറും സംഘത്തിലുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. പിടിയിലായ പ്രതികള്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. അന്‍സര്‍ ഒപ്പമുണ്ടായിരുന്നില്ലായെന്ന പ്രതികളുടൊ മൊഴി പൊലീസിനെ കുഴക്കുന്നു. അന്‍സാര്‍, ഉണ്ണി എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Latest News