ടെലികോം കമ്പനികളുടെ വന്‍ കടബാധ്യത തീര്‍ക്കേണ്ട കാലാവധി സുപ്രീം കോടതി വെട്ടിക്കുറച്ചു

ന്യൂദല്‍ഹി- ടെലികോം കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കേണ്ട സ്‌പെക്ട്രം യൂസേജ് ഫീ, ലൈസന്‍സ് ഫീ എന്നിവ ഉള്‍പ്പെടുന്ന വരുമാന വിഹിതത്തില്‍ കടബാധ്യതായി തുടരുന്ന 1.6 ലക്ഷം കോടിയോളം രൂപ തിരിച്ചടക്കാന്‍ സുപ്രീം കോടതി  പത്തു വര്‍ഷം സമയം അനുവദിച്ചു. നേരത്തെ 20 വര്‍ഷത്തെ സമയം കോടതി അനുവദിച്ചിരുന്നു. പത്തു വര്‍ഷത്തിനകം ഈ പണം സര്‍ക്കാരിനു നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ടാറ്റ ടെലിസര്‍വീസസ്് എന്നീ കമ്പനികളാണ് പതിനായിരക്കണക്കിന് കോടികള്‍ സര്‍ക്കാരിനു നല്‍കാനുള്ളത്. കോവിഡ് സാഹചര്യം പരിഗണിച്ച് തുകയുടെ 10 ശതമാനം 2021നകം ടെലികോം കമ്പനികള്‍ തിരിച്ചടക്കം. ബാക്കി തുക ഘട്ടംഘട്ടമായി 2031 മാര്‍ച്ച് 31നകം അടച്ചു തീര്‍ത്താല്‍ മതിയെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

കടബാധ്യത മൂലം പാപ്പര്‍ നടപടികള്‍ നേരിടുന്ന ടെലികോം കമ്പനികള്‍ക്ക് അവരുടെ സ്‌പെക്ട്രം വില്‍ക്കാമോ എന്ന കാര്യത്തില്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
 

Latest News