കോവിഡ് മരണ സംഖ്യ കുറച്ചു കാണിച്ച ട്രംപിന്റെ ട്വീറ്റ് ട്വിറ്റര്‍ ഡിലീറ്റ് ചെയ്തു

വാഷിങ്ടണ്‍- അമേരിക്കയിലെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കുറച്ചു കാണിച്ച പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ ഒരു റിട്വീറ്റ് ട്വിറ്റര്‍ ഡിലീറ്റ് ചെയ്തു. വ്യാജ വിവരം പ്രചരിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന്റെ നടപടി. അടിസ്ഥാന രഹിതമായ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റാണ് ട്രംപ് റിട്വീറ്റ് ചെയ്തിരുന്നത്. ഫേസ്ബുക്കില്‍ നിന്നു കോപ്പി ചെയ്ത ഒരു പോസ്റ്റായിരുന്നു ഈ ട്വീറ്റ്. യുഎസിലെ മൊത്തം കോവിഡ് മരണങ്ങളുടെ കണക്കില്‍ വെറും ആറു ശതമാനം/ 9000ഓളം പേര്‍ മാത്രമാണ് കോവിഡ് മൂലം കാരണം മരിച്ചിട്ടുള്ളൂവെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിക്കുന്നുവെന്ന തെറ്റായ വിവരമാണ് പോസ്റ്റിന്റെ ഉള്ളടക്കം. ബാക്കി മരിച്ചവര്‍ക്കെല്ലാം രണ്ടോ മൂന്നോ ഗുരുതരമായ രോഗങ്ങളുണ്ടായിരുന്നുവെന്നും ട്വീറ്റില്‍ അവകാശപ്പെടുന്നു. വ്യാജ പ്രചരണം തടയല്‍ ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഈ ട്വീറ്റ് ലഭ്യമല്ലെന്നാണ് ട്വിറ്ററില്‍ ഈ ട്വീറ്റിന്റെ സ്ഥാനത്ത് ഇപ്പോള്‍ കാണിക്കുന്ന സന്ദേശം. സിഡിസിയുടെ ഓഗസ്റ്റ് 26ന് അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ പ്രകാരം യുഎസില്‍ മരിച്ചവരില്‍ ആറു ശതമാനത്തിന്റെ മരണ കാരണമായി കോവിഡ് മാത്രമെ കാണിച്ചിട്ടുള്ളൂ. ഇതിനര്‍ത്ഥം ആറു ശതമാനം പേര്‍ മാത്രമാണ് കോവിഡ് കാരണം മരിച്ചത് എന്നല്ല. 94 ശതമാനം പേര്‍ക്കും കോവിഡിനൊപ്പം മറ്റു ഘടകങ്ങളും കൂടി മരണകാരണമായി എന്നാണ്.
 

Latest News