ബഗ്ദാദ്- വിശുദ്ധ ദിനമായ ആചരിക്കപ്പെടുന്ന ആശുറാ ദിവസം സംഗീത പരിപാടി സംപ്രേഷണം ചെയ്തതില്‍ പ്രതിഷേധിച്ച് ബഗ്ദാദിലെ ദിലാജ് ടിവി സ്റ്റേഷന്‍ രോഷാകുലരായ ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു. ഇറാഖി വ്യവസായിയും രാഷ്ട്രീയ നേതാവുമായ ജമാല്‍ അല്‍ കര്‍ബൊലിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ചാനല്‍. ആശുറാ ദിവസം ചാനലില്‍ പരമ്പരാഗത ഇറാഖി ഗാനങ്ങളും സംഗീതവുമാണ് സംപ്രേഷണം ചെയ്തിരുന്നതെന്ന് റിപോര്‍ട്ടുണ്ട്. ശിയാ വിഭാഗക്കാരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. 'ഓ ഹുസൈന്‍' മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടം ചാനല്‍ കെട്ടിടത്തിനു തീയിട്ട ശേഷം അതിനു മുന്നില്‍ പ്രതിഷേധിക്കുന്ന വിഡിയോ ദൃശ്യങ്ങളും പ്രചരിച്ചു. ചാനല്‍ ചെയ്തത് തങ്ങളോടുള്ള അവഹേളനമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. തീ ആളിപ്പടര്‍ന്ന് തൊട്ടടുത്ത കെട്ടിടത്തിലേക്കും പടര്‍ന്നതായും എന്നാല്‍ തീയണക്കാന്‍ പ്രതിഷേധക്കാര്‍ സമ്മിതിച്ചില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ്അതേസമയം പരിപാടി സംപ്രേഷണം ചെയ്തത് മനപ്പൂര്‍വമല്ലെന്നു വ്യക്തമാക്കിയ ചാനല്‍ അധികൃതര്‍ മാപ്പപേക്ഷിച്ചതായി ശഫാഖ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.
സംഭവത്തെ തുടര്‍ന്ന് ചാനല്‍ ഉടമ കര്‍ബൊലിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇറാഖി പീനല്‍ കോഡിലെ മതപരമായ കുറ്റങ്ങളുമായി ബന്ധപ്പെട്ട വകുപ്പു ചുമത്തിയാണ് കേസ്. മൂന്ന് വര്‍ഷം വരെ തടവുശിക്ഷയോ പിഴയോ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
ചാനലിന്റെ ആസ്ഥാനം ജോര്‍ദാനിലെ അമ്മാനിലാണ്. പ്രമുഖ സുന്നീ രാഷ്ട്രീയ നേതാവ് മുഹമ്മദ് കര്‍ബൊലിയുടെ സഹോദരനാണ് ചാനല്‍ ഉടമയായ ജമാല്‍ കര്‍ബൊലി. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം റിപോര്‍ട്ട് ചെയ്യുന്നതിനിടെ ദിലാജ് ടിവി കറസ്‌പോണ്ടന്റും ക്യാമറാമാനും ബസറയില്‍ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു.