ജിഡിപി കണക്കുകള്‍ മോഡി സര്‍ക്കാരിന് നാണക്കേടെന്ന് ചിദംബരം

ന്യൂദല്‍ഹി- ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ചാ ഇടിവു രേഖപ്പെടുത്തിയ പുതിയ ജിഡിപി കണക്കുകള്‍ മോഡി സര്‍ക്കാരിന് വലിയ നാണക്കേടാണെന്ന് മുന്‍ധനമന്ത്രി പി ചിദംബരം. ഈ പതനത്തിന്റെ ആഘാതം കുറയ്ക്കാന്‍ അനുയോജ്യമായ ധനകാര്യ, ക്ഷേമ നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ വിഴ്ച മോഡി സര്‍ക്കാര്‍ സമ്മതിക്കില്ലെന്നും അവര്‍ക്ക് നാണമില്ലെന്നും നമുക്കറിയാമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദമായ ഏപ്രില്‍-ജൂലൈ ത്രൈമാസത്തില്‍ സാമ്പത്തിക വളര്‍ച്ച 23.9 ശതമാനം കുത്തനെ ഇടിഞ്ഞെന്നാണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് ലോക്ഡൗണ്‍  ആണ് ഇതിനു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഇതു സംബന്ധിച്ച് പ്രതിപക്ഷം മുന്നറിയിപ്പു നല്‍കിയിരുന്നതെന്നും വളര്‍ച്ചാ ഇടിവ് തടയാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും ചിദംബരം പറഞ്ഞു. ഞങ്ങളുടെ നിര്‍ദേശങ്ങള്‍ ചെവികൊണ്ടില്ല. അതിന്റെ പ്രത്യാഘാതം രാജ്യം മൊത്തം വലിയ വില നല്‍കേണ്ടി വന്നു എന്താണ്. ദരിദ്രരും അവശരുമായ ജനങ്ങള്‍ ഏറെ ദുരിതത്തിലാണ്. സര്‍ക്കാര്‍ വ്യാജമായ പല ആഖ്യാനങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് പുറത്തു വന്ന കണക്കുകള്‍ അതെല്ലാം പൊളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
 

Latest News