ബി.ജെ.പിയെ നേരിടാൻ വാജ്‌പേയിയുടെ ബന്ധു

കരുണ ശുക്ല 

കാലുമാറി മധ്യപ്രദേശിലെ ഭരണം അട്ടിമറിച്ച ജ്യോതിരാധിത്യസിന്ധ്യയെ നേരിടാൻ വാജ്‌പേയിയുടെ സഹോദരപുത്രി കരുണ ശുക്ലയെ ഇറക്കി കോൺഗ്രസ്.  പാർട്ടിയിൽ കലാപമുണ്ടാക്കി രാജസ്ഥാൻ ഭരണം അട്ടിമറിക്കാൻ ശ്രമിച്ച സച്ചിൻ പൈലറ്റിന്റെ നീക്കം തകർത്ത ആത്മവിശ്വാസവുമായാണ് കോൺഗ്രസിന്റെ ഈ പുതിയ കരുനീക്കം. കേന്ദ്രമന്ത്രി സ്ഥാനവും പി.സി.സി അധ്യക്ഷ സ്ഥാനവും നൽകിയിട്ടും ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയെ ബി.ജെ.പിയിൽ നിന്നും കോൺഗ്രസിലേക്കെത്തിയ കരുണ ശുക്ലയെ ഇറക്കി നേരിടുന്ന കോൺഗ്രസ് തന്ത്രം ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നതാണ്.


15 വർഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ച് ഛത്തീസ്ഗഢിൽ കോൺഗ്രസ് ഭരണം പിടിച്ചത് തന്നെ കരുണ ശുക്ലയുടെ തന്ത്രങ്ങൾ കൊണ്ടായിരുന്നു. മധ്യപ്രദേശിനോട് ചേർന്നുള്ള ഛത്തീസ്ഗഢിൽ കോൺഗ്രസ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ സഹോദരൻ അവധ് ബിഹാരി വാജ്‌പേയിയുടെ മകളാണ് കരുണ. 2003ൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി സ്ഥാനത്തേക്കു വരെ ബി.ജെ.പി ഇവരെ പരിഗണിച്ചിരുന്നു. ബി.ജെ.പി ദേശീയ ഉപാധ്യക്ഷയും മഹിളാ മോർച്ച ദേശീയ പ്രസിഡന്റുമായിരുന്ന കരുണ ശുക്ല ബി.ജെ.പി എം.പിയുമായിരുന്നു. എഴുപതുകാരിയായ കരുണ ബി.ജെ.പിയിൽ ഒതുക്കപ്പെട്ടതോടെയാണ് 2013 ൽ പാർട്ടിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിലെത്തിയത്.


സംഘടനാരംഗത്തെ കരുണാ ശുക്ലയുടെ പ്രവർത്തന മികവാണ് തമ്മിൽ തല്ലിയും ഗ്രൂപ്പു കളിച്ചും തകർന്ന കോൺഗ്രസിന് 2018ൽ ഛത്തീസ്ഗഢിൽ ഭരണം നേടിക്കൊടുത്തിരുന്നത്. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിനു കഴിയില്ലെന്നു മനസ്സിലാക്കിയ കരുണ ആവിഷ്‌കരിച്ച ഓപറേഷനാണ് കോൺഗ്രസ് ഹൈക്കമാന്റ് പച്ചക്കൊടി വീശിയിരുന്നത്. ബൂത്ത് തലത്തിൽ ക്യാമ്പുകളും പാർട്ടി പരിപാടികളും നടത്തി കോൺഗ്രസിനെ ശക്തമാക്കിയ കരുണയോട് വോട്ടർമാരും കരുണ കാട്ടുകയുണ്ടായി. ഇതാണ് തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായി തീർന്നിരുന്നത്.ഇതേ തന്ത്രമാണ് കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള മധ്യപ്രദേശിലും ഹൈക്കമാണ്ടിപ്പോൾ പരീക്ഷിക്കുന്നത്.


ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയോർ രാജകുമാര പരിവേഷത്തിനെതിരെ കരുണ ശുക്ലയെന്ന സാധാരണക്കാരുടെ നേതാവിന്റെ സംഘടനാ പ്രവർത്തനമികവിലാണ് കോൺഗ്രസ് പ്രതീക്ഷയർപ്പിക്കുന്നത്. 
ഇതിന്റെ ഭാഗമായി ഛത്തീസ്ഗഢ ് മോഡലിൽ ബൂത്ത് ക്യാമ്പുകൾക്കും മധ്യപ്രദേശിൽ കോൺഗ്രസ് തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയും പി.സി.സി പ്രസിഡന്റുമായ കമൽനാഥിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മിഷൻ 24 എന്നാണ് ഈ ഓപറേഷന്റെ പേര്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 27 സീറ്റുകളിൽ 24 എണ്ണവും പിടിച്ചെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.


ഓരോ നിയോജക മണ്ഡലങ്ങളെയും കുറിച്ച് പ്രത്യേക സർവേ നടത്തി ജാതിമത രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചുള്ള വ്യക്തമായ രൂപരേഖകളും ഇതിനകം തന്നെ കോൺഗ്രസ് തയാറാക്കിയിട്ടുണ്ട്. മാധവറാവു സിന്ധ്യയുടെ നേതൃത്വത്തിൽ 22 എം.എൽ.എമാരാണ് ബി.ജെ.പിയിൽ ചേർന്നിരിക്കുന്നത്. ഇതിനു പിന്നാലെ രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി പിന്നീട് ബി.ജെ.പിയിലേക്കു ചേക്കേറിയിട്ടുണ്ട്. മരണപ്പെട്ട മൂന്ന് എം.എൽ.എമാരുടെ ഒഴിവിലടക്കം 27 മണ്ഡലങ്ങളിലാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.


സിന്ധ്യയുടെയും കൂട്ടരുടെയും കാലുമാറ്റത്തോടെ കോൺഗ്രസിന് നഷ്ടമായ മധ്യപ്രദേശ് ഭരണം തിരിച്ചുപിടിക്കാനുള്ള ജീവൻമരണ പോരാട്ടമാണ് കോൺഗ്രസ് ഇവിടെ നടത്തുന്നത്. ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് രാജ്യസഭാംഗത്വമാണ് ലഭിച്ചിരുന്നത്. സിന്ധ്യപക്ഷത്തെ 14 എം.എൽ.എമാർക്ക് മന്ത്രി സ്ഥാനവും നൽകുകയുണ്ടായി. കാലുമാറ്റക്കാരായ കോൺഗ്രസ് എം.എൽ.എമാരെ കൂട്ടത്തോടെ മന്ത്രിമാരാക്കിയതിൽ ബി.ജെ.പി പ്രാദേശിക നേതാക്കൾക്കിടയിലും കടുത്ത അതൃപ്തിയുണ്ട്. ഇവർ വീണ്ടും മത്സരിക്കുന്നതോടെ സീറ്റില്ലാതാവുന്നത് പ്രാദേശിക ബി.ജെ.പി നേതാക്കൾക്കു കൂടിയാണ്. കാവി പാളയത്തിലെ ഈ അതൃപ്തി മുതലാക്കാനും കോൺഗ്രസിപ്പോൾ ശ്രമിക്കുന്നുണ്ട്.


2018ൽ മധ്യപ്രദേശിൽ ബി.ജെ.പിയെ തകർത്ത് കോൺഗ്രസ് നേടിയത് അട്ടിമറി വിജയം തന്നെയാണ്. നേതാക്കളുടെ അധികാരത്തോടുള്ള ആർത്തി മൂലമാണ് ഈ ഭരണം തകർന്നു പോയിരിക്കുന്നത്. ബി.ജെ.പിക്ക് കാവി പാതയൊരുക്കുന്ന സമീപനം കൂടിയായിരുന്നു ഇത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 29 ലോക്‌സഭാ സീറ്റുകളിൽ 27ലും ബി.ജെ.പി വിജയിച്ചതും കോൺഗ്രസിന്റെ കഴിവ് കേടുകൊണ്ടു മാത്രമാണ്. 


ജ്യോതിരാദിത്യ സിന്ധ്യയും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങുമടക്കമാണ് അന്ന് പരാജയപ്പെട്ടിരുന്നത്. പരസ്പര പാരവെപ്പ് അന്നും കോൺഗ്രസിലുണ്ടായിരുന്നു. സിന്ധ്യയടക്കമുള്ളവർ എതിർത്തപ്പോൾ തന്നെയാണ് മധ്യപ്രദേശിൽ ബി.ജെ.പിക്ക് ഈ മികച്ച വിജയവും നേടാനായിരുന്നത്. ഈ യാഥാർത്ഥ്യം രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്.
കോൺഗ്രസ് പാളയത്തിൽ നിന്നും സിന്ധ്യ ബി.ജെ.പിയിലെത്തിയത് പ്രാദേശിക തലത്തിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലുണ്ട്. ഇത് മുന്നിൽ കണ്ട് അസംതൃപ്തരായ ബി.ജെ.പി പ്രാദേശിക നേതൃത്വത്തെ ഒപ്പം നിർത്തുക എന്നതും കരുണ ശുക്ലയുടെ ദൗത്യമാണ്. മധ്യപ്രദേശ് മോഡലിൽ രാജസ്ഥാനിൽ ഭരണം പിടിക്കാൻ സച്ചിൻ പൈലറ്റിനെ ഒപ്പംകൂട്ടി ബി.ജെ.പി നടത്തിയ ഓപറേഷൻ താമര കോൺഗ്രസ് നേതൃത്വം പൊളിച്ചടുക്കിയിരുന്നു. ഒടുവിൽ ഉപമുഖ്യമന്ത്രി സ്ഥാനവും പി.സി.സി പ്രസിഡന്റ് സ്ഥാനവും നഷ്ടമായ സച്ചിന് സാദാ എം.എൽ.എയായി കോൺഗ്രസിൽ മടങ്ങിയെത്തേണ്ട ഗതികേടുമുണ്ടായി.


ഇതു കൊണ്ടും തീർന്നില്ല ബി.ജെ.പിയുടെ കഷ്ടകാലം. രാജസ്ഥാനിൽ ബി.ജെ.പി എം.എൽ.എമാരെ വരെ കോൺഗ്രസ് സ്വാധീനിക്കുകയുണ്ടായി. വിശ്വാസ വോട്ടെടുപ്പ് വേളയിൽ പാർട്ടി വിപ്പ് നൽകിയിട്ടും 4 ബി.ജെ.പി എം.എൽ.എമാരാണ് സഭയിൽ ഹാജരാകാതിരുന്നിരുന്നത്. ഇത് ബി.ജെ.പിക്ക് കനത്ത പ്രഹരമാണ് ഏൽപിച്ചിരുന്നത്. രാജസ്ഥാനിൽ അട്ടിമറിനീക്കം മറികടന്ന് ഭരണം നിലനിർത്തിയ ആവേശമാണ് കോൺഗ്രസിന് മധ്യപ്രദേശിൽ ഭരണം പിടിക്കാനുള്ള ഊർജവും ഇപ്പോൾ പകർന്നിരിക്കുന്നത്. ഗോവയിലും കർണാടകയിലും മധ്യപ്രദേശിലും കോൺഗ്രസ് എം.എൽ.എമാരെ കാലുമാറ്റിച്ച് ഭരണം പിടിച്ച ബി.ജെ.പി തന്ത്രം, രാജസ്ഥാനിൽ വിജയിക്കാത്തത് ബി.ജെ.പി ദേശീയ നേതൃത്വത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഭരണം നഷ്ടമാകുമെന്ന ആശങ്ക ഉന്നത നേതാക്കൾക്കുമുണ്ട്. ഈ നാണക്കേട് ഒഴിവാക്കാൻ ആർ.എസ്.എസും ഇപ്പോൾ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.

Latest News